കുവൈറ്റ്: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്ത് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഗള്‍ഫിലും പിടിമുറുക്കി. ഗള്‍ഫില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 167 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരുടെ എണ്ണം 26,500 പിന്നിട്ടു. സൗദി ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
സൗദിയില്‍ അഞ്ചുപേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 87 ആയി. നാലു മരണം റിപ്പോര്‍ട്ട് ചെയ്ത യുഎഇയില്‍ മരണ സംഖ്യ 41 ആണ്. കുവൈറ്റിലും ഒമാനിലും ഇന്നലെ ഓരോ രോഗികള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു.
സൗദിയില്‍ 1088ഉം യു.എ.ഇയില്‍ 479ഉം ഖത്തറില്‍ 440ഉം കുവൈറ്റില്‍ 164ഉം ബഹ്‌റൈനില്‍ 100ഉം ഒമാനില്‍ 86ഉം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണ് പിന്നിട്ടത്. സൗദിയില്‍ കൊറോണ മൂലം മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പത്തായി ഉയര്‍ന്നു.
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. സമ്പര്‍ക്ക പട്ടികക്കപ്പുറമുള്ള കൊറോണ വ്യാപനം ചില രാജ്യങ്ങളില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. രോഗികളുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ നടപടികള്‍ ദീര്‍ഘിപ്പിക്കാന്‍ തന്നെയാണ് തീരുമാനം. അതേസമയം, നാലായിരത്തോളം പേര്‍ക്ക് പൂര്‍ണ രോഗവിമുക്തി നേടാനായത് പ്രതീക്ഷ പകരുന്നുണ്ട്.
Discussion about this post