കുവൈറ്റ് സിറ്റി: ജീവനുകള്‍ കവര്‍ന്നെടുത്ത് കൊണ്ട് കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്. കൊറോണ പ്രതിരോധത്തിനായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അമീര്‍ ആവശ്യപ്പെട്ടത്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കുന്ന മെഗാ ദൗത്യം ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു അമീറിന്റെ അഭിസംബോധന.
റമദാന് മുന്‍പ് പൗരന്മാരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച അമീര്‍ തിരിച്ചു വന്ന പൗരന്മാരെയും കുടുംബങ്ങളേയും അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നിരീക്ഷണത്തിലിരിക്കണമെന്നും തിരിച്ചെത്തിയ പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
കൊറോണ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ കുവൈറ്റിലുള്ളവരും ഇവിടേക്ക് വരുന്നവരും നിര്‍ബന്ധമായും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ പ്രതിരോധത്തിനായി കര്‍മ്മനിരതരായ സര്‍ക്കാറിനെയും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളെയും ജനങ്ങളെയും അഭിനന്ദിക്കുന്നതായും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പറഞ്ഞു.
വൈറസ് വ്യാപനം തടയാന്‍ കുവൈറ്റ് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രശംസ ഇക്കാര്യത്തില്‍ കുവൈറ്റിന് ലഭിച്ചു. മഹാമാരിയെ പിടിച്ചുകെട്ടാന്‍ സര്‍ക്കാറിന് ജനങ്ങളുടെ പിന്തുണ വേണമെന്നും അത്യാഹിതങ്ങള്‍ പരമാവധി കുറക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post