റിയാദ്: ഗതാഗത നിയമലംഘനത്തിന് പിഴ ശിക്ഷ വര്‍ധിപ്പിച്ച് സൗദി അറേബ്യ. പുതിയ ട്രാഫിക് പിഴകള്‍ പ്രാബല്യത്തില്‍ വന്നു. ഗതാഗത നിയമലംഘനത്തിന് ഇനി മുതല്‍ സൗദിയില്‍ വലിയ പിഴ ഒടുക്കേണ്ടിവരും.
ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് കടുത്ത ശിക്ഷകളാണ് പരിഷ്ക്കരിച്ച ട്രാഫിക് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ആളപായത്തിനും അംഗഭംഗത്തിനും ഇടയാക്കുന്ന വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്ന ഡ്രൈവര്‍മാര്‍ക്ക് ഇനി നാല് വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
പരിക്കുകള്‍ ഭേദമാകുന്നതിനു 15 ദിവസം വരെ വേണ്ടിവരുന്ന അപകടങ്ങള്‍ക്കു കാരണക്കാരാകുന്ന ഡ്രൈവര്‍മാര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെയുമാണ് ശിക്ഷ.
അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് വേഗതയുടെ തോതനുസരിച്ച് ഇനി പിഴയില്‍ വ്യത്യാസം വരും. ഇത് 150 മുതല്‍ 2000 റിയാല്‍ വരെ പിഴ വരാം. നിയമ ലംഘനങ്ങള്‍ക്ക് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ വീണ്ടെടുക്കുന്നതിന് 90 ദിവസത്തിനകം സമീപിക്കാത്തവരുടെ വാഹനങ്ങള്‍ ലേലത്തില്‍ വില്‍പ്പന നടത്തും.
ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിപ്പ് ലഭിച്ചു ആറ് മാസം കഴിഞ്ഞിട്ടും പിഴ അടക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പരിഷ്ക്കരിച്ച ട്രാഫിക് നിയമം അനുശാസിക്കുന്നു.
Discussion about this post