റിയാദ്: ഇത്തവണത്തെ റമദാൻ വ്രതാനുഷ്ഠാനം കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അൾജീരിയയിലെ ഒരു വിഭാഗം ജനങ്ങൾ. അൾജീരിയിലെ രാഷട്രീയപാർട്ടിയായ അൾജീരിയൻ റിന്യൂവൽ പാർട്ടിയുടെ മുൻ നേതാവാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുമെന്നും ഇത് കൊവിഡ് പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് നൗറുദീൻ ബോക്രോ പറയുന്നത്.
ഇദ്ദേഹത്തിന്റെ ആവശ്യത്തെ കുറിച്ച് രാജ്യത്ത് ചർച്ചകളും പുരോഗമിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിൽ എടുക്കേണ്ട സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ നിർദേശത്തെ കാണണമെന്നും വ്രതം ഒഴിവാക്കണമെന്നും ചിലർ വാദിക്കുകയും ചെയ്തു. എന്നാൽ, ആരോഗ്യരംഗത്തെ വിദഗ്ധരാണ് ഇക്കാര്യത്തിൽ നിർദേശം നൽകേണ്ടതെന്നും നേതാവ് പറയുന്നത് അനുസരിക്കേണ്ടതില്ലെന്നും മറ്റൊരു കൂട്ടർ പ്രതികരിക്കുകയാണ്.
റമദാൻ നാളിൽ നേരത്തെ ഇറാനും സൗദി അറേബ്യയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈദുൽ ഫിത്വർ പ്രാർത്ഥനകൾ വീട്ടിൽ നിന്നു തന്നെ നടത്തണമെന്നാണ് സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി അറിയിച്ചിരിക്കുന്നത്.
ഇറാനിലാകട്ടെ റമദാൻ നാളിൽ പൊതുപ്രാർത്ഥനകളും പൊതു ചടങ്ങുകളും ഒഴിവാക്കണമെന്ന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനേയി ആവശ്യപ്പെട്ടിരുന്നു. ഈജിപ്തിലും ഇറാന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പടുത്തിയിട്ടുണ്ട്. പൊതു പ്രാർത്ഥനകൾ ഈജിപ്തിൽ വിലക്കിയിട്ടുണ്ട്. എന്നാൽ റമദാൻ വ്രതം ഒഴിവാക്കേണ്ടെന്നാണ് അൽഅൽഅഹ്‌സർ മുസ്ലിം നേതൃത്വം പറയുന്നത്. ഭക്ഷണം കഴിക്കാതിരിക്കുന്നത് കൊവിഡ് പടരാൻ കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇവർ പറയുന്നു.