ദുബായ്: കൊവിഡ് 19 വൈറസിനെതിരെ ലോകരാജ്യങ്ങള്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്. രോഗികളെ പരിചരിക്കുന്ന കാര്യത്തില്‍ ലോകത്തിന്റെ തന്നെ അഭിനന്ദനം ഏറ്റുവാങ്ങിയവരാണ് മലയാളി നഴ്‌സുമാര്‍. അത്തരത്തില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്‌സിനെ അഭിനന്ദിച്ചിരിക്കുകയാണ് യുഎഇ രാഷ്ട്രമാതാവ്. മലയാളി നഴ്സ് ആയ സുനിതാ ഗോപിയെ ആണ് യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്നിയും ജനറല്‍ വുമന്‍സ് യൂണിയന്‍ മേധാവിയും രാഷ്ട്രമാതാവുമായ ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് അഭിനന്ദിച്ചിരിക്കുന്നത്.
‘പ്രിയപ്പെട്ട മകള്‍ സുനിത, കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്ക്കായി നിങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. രാജ്യത്തിന്റെ വിളി കേട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ദുഷ്‌കരമായ ഈ വേളയില്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ദൈവം എന്നും കൂടെയുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നതോടൊപ്പം നിങ്ങള്‍ ഈ രാജ്യത്തിന്റെ സമ്പത്തായിത്തീരട്ടെ എന്നും ആശംസിക്കുകയും ചെയ്യുന്നു. എന്ന് നിങ്ങളുടെ മാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് അല്‍ നഹ്യാന്‍’ എന്നാണ് യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്നിയും ജനറല്‍ വുമന്‍സ് യൂണിയന്‍ മേധാവിയും രാഷ്ട്രമാതാവുമായ ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് സുനിതാ ഗോപിയ്ക്ക് അയച്ച സന്ദേശത്തില്‍ കുറിച്ചത്. സുനിതയടക്കം യുഎഇയിലെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ അഭിനന്ദന സന്ദേശം ലഭിച്ചിരുന്നു.
ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ മെഡിക്ലിനിക് സിറ്റി ആശുപത്രിയിലെ യൂണിറ്റ് മാനേജര്‍ ആണ് കോട്ടയം കടത്തുരുത്തി പെരുവ സ്വദേശിനി സുനിതാ ഗോപി. കഴിഞ്ഞ ദിവസം അറബിക് ഭാഷയില്‍ എസ്എംഎസ് ലഭിച്ചപ്പോള്‍ ആദ്യം എന്താണെന്ന് തനിക്ക് മനസിലായില്ല എന്നാണ് സുനിത ഈ സന്ദേശത്തെ കുറിച്ച് പറഞ്ഞത്. പിന്നീട് സഹപ്രവര്‍ത്തകരായ അറബ് വംശജരാണ് ഇതിനെ കുറിച്ച് പറഞ്ഞ് തന്നത്.
സംഭവം അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷവും അദ്ഭുതവുമായിരുന്നു എന്നാണ് സുനിത പറഞ്ഞത്. തങ്ങളുടെ സേവനത്തെ രാഷ്ട്രമാതാവ് ഇത്തരത്തില്‍ മനസ് തുറന്ന് അഭിനന്ദിച്ചതില്‍ വലിയ സന്തോഷം തോന്നിയെന്നും അവര്‍ പറഞ്ഞു. മകളേ എന്ന് പറഞ്ഞുള്ള അഭിസംബോധന കേട്ടപ്പോള്‍ സ്വന്തം മാതാവിന്റെ ചാരത്തണഞ്ഞ വികാരമായിരുന്നു എന്നാണ് സുനിത പറഞ്ഞത്. തനിക്ക് ലഭിച്ച ഈ അംഗീകാരം യുഎഇയിലെ എല്ലാ മലയാളി നഴ്‌സുമാര്‍ക്കും ഉള്ളതാണെന്നാണ് സുനിത പറഞ്ഞത്. ലോകം മഹാമാരിയുടെ ദുരിതംപേറുന്ന ഈ കാലത്ത് ഇത്തരം നിറഞ്ഞ പ്രോത്സാഹനങ്ങള്‍ കൂടുതല്‍ കര്‍മനിരതയാകാന്‍ പ്രചോദനമേകും അവര്‍ പറഞ്ഞു.
സുനിതയുടെ ഭര്‍ത്താവ് പ്രശാന്ത് ഗലദാരി എന്‍ജിനീയറിങ് പ്ലാനിങ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ്. വര്‍ഖ ജെംസ് ഔവര്‍ ഓണ്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഹരിപ്രസാദ്, ഒന്നാം ക്ലാസുകാരി ഗായത്രി എന്നിവരാണ് മക്കള്‍.
Discussion about this post