കുവൈറ്റ് സിറ്റി: പാസ്പോർട്ട് ഇല്ലാത്തവർക്ക് കുവൈറ്റിലെ ഇന്ത്യൻ എംബസി നൽകുന്ന ഔട്ട് പാസിന്റെ അപേക്ഷാ ഫീസ് വിമർശനങ്ങളെ തുടർന്ന് ഒഴിവാക്കി. ഇക്കാര്യം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് അറിയിച്ചിരിക്കുന്നത്.
പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ പാസ് പോർട്ട് ഇല്ലാത്തവർക്ക് എംബസി നൽകുന്ന ഔട്ട് പാസിന് ഈടാക്കിയിരുന്ന അഞ്ച് ദിനാറാണ് മന്ത്രിയുടെ നിർദേശപ്രകാരം പിൻവലിച്ചത്. കുവൈറ്റ് സർക്കാർ സൗജന്യ വിമാന ടിക്കറ്റ് നൽകിയിട്ടും ഔട്ട് പാസിന് എംബസി ഫീസ് ഏർപ്പെടുത്തിയത് ശക്തമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
പൊതുമാപ്പിന്റെ ഭാഗമായി പിഴ ഒഴിവാക്കി നൽകിയും സൗജന്യ വിമാന ടിക്കറ്റ് നൽകിയും നടപടിക്രമങ്ങൾ പൂർത്തിയായത് മുതൽ യാത്ര ദിവസം വരെ താമസവും ഭക്ഷണവും നൽകിയും കുവൈറ്റ് ഭരണകൂടം കാരുണ്യം കാണിക്കുമ്പാൾ, ദുരിതാവസ്ഥയിലുള്ള സ്വന്തം പൗരന്മാരിൽ നിന്ന് ഇന്ത്യ ഫീസ് ഈടാക്കുന്നത് അനൗചിത്യമാണെന്ന വിമർശനം മലയാളി പ്രവാസി സംഘടനകൾ ഉയർത്തിയിരുന്നു.
Discussion about this post