അബൂദാബി: രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന സ്വന്തം പൗരന്‍മാരെ കൊണ്ടു പോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി വേണ്ടിവരുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കിയതോടെ ഇന്ത്യക്കാരില്‍ ഒരു വിഭാഗത്തെയെങ്കിലും നാട്ടിലേക്ക് കൊണ്ടുവരാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് വിവിധ പ്രവാസി കൂട്ടായ്മ നേതാക്കളുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ ചര്‍ച്ച നടത്തി.
യുഎഇയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസി കൂട്ടായ്മ നേതാക്കളുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ രാത്രിയാണ് ചര്‍ച്ചനടത്തിയത്. ഇതില്‍ ഏകദേശ ധാരണ രൂപപ്പെട്ടു. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആനന്ദബോസാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.
ഇന്ത്യക്കാരെ കൊണ്ടുപോകുന്നതിനുള്ള വിമാന ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന നിര്‍ദേശം പ്രവാസി കൂട്ടായ്മകള്‍ മുന്നോട്ടുവെച്ചു. ലേബര്‍ ക്യാമ്പുകളില്‍ നിന്ന് കോവിഡ് രോഗികളെ വേര്‍തിരിക്കുക, കൂടുതല്‍ ക്വാറന്റയിന്‍ കേന്ദ്രങ്ങള്‍ ഒരുക്കുക എന്നിവക്ക് യുഎഇയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക, ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളും പ്രവാസി സംഘടനകള്‍ മുന്നോട്ടു വെച്ചു.
അതേസമയം, നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഏറ്റവും അര്‍ഹരായവരെ ഉടന്‍ കൊണ്ടുപോവുക എന്നതാണ് കേന്ദ്രത്തിന്റെ മുഖ്യപരിഗണനയെന്നാണ് സൂചന. സാധാരണ രോഗികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, സന്ദര്‍ശക വിസാ കാലാവധി പിന്നിട്ടവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെയുള്ളവര്‍ക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുക. ചുരുങ്ങിയത് കാല്‍ ലക്ഷത്തിലേറെ പേരെങ്കിലും ഈ ഗണത്തില്‍ ഉള്‍പ്പെടുമെന്നാണ് വിലയിരുത്തല്‍.
സ്വന്തം പൗരന്‍മാരെ കൊണ്ടു പോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം യുഎഇ മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രവാസി കൂട്ടായ്മകളുമായി പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തര കൂടിയാലോചന നടത്തിയത്.
Discussion about this post