ഹൈദരാബാദ്: യുഎസിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളെ ഇന്ത്യയുടേതുമായി താരതമ്യം ചെയ്ത് വിമർശിച്ച ഇന്ത്യൻ യുവതിക്ക് എതിരെ ന്യൂജഴ്‌സി പോലീസ് കേസെടുത്തു. തെലങ്കാനയിൽ നിന്നുള്ള പ്രവാസി സ്വാതി ദേവിനേനിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്ത്യയും യുഎസും നടത്തുന്ന കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ താരതമ്യം ചെയ്തുകൊണ്ട് സ്വാതി ചെയ്ത വീഡിയോയാണ് കേസിനാധാരം. വീഡിയോയിൽ ദേശവിരുദ്ധ പരാമർശമുണ്ടെന്ന് കാണിച്ച് മറ്റൊരു പ്രവാസിയായ ശ്രവണാണ് സ്വാതിക്കെതിരെ പോലീസിൽ പരാതി നൽകിയത്.
കൊവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിൽ സമ്പന്ന രാജ്യമായ യുഎസ് പരാജയപ്പെട്ടുവെന്നും എന്നാൽ ഇന്ത്യ കൊവിഡ് 19 നെ വളരെ ഫലപ്രദമായ രീതിയിൽ പ്രതിരോധിച്ചുവെന്നും വിവേകത്തോടെ പ്രവർത്തിച്ചെന്നും വീഡിയോയിൽ സ്വാതി പറയുന്നുണ്ട്. സോഷ്യൽമീഡിയയിലൂടെ ഈ വീഡിയോ വലിയ പ്രചരണം നേടിയതോടെയാണ് കാര്യങ്ങൾ കേസിലേക്ക് നീങ്ങിയത്.
വീഡിയോ വിവാദമായതോടെ സ്വാതി തന്റെ പരാമർശത്തിൽ മാപ്പുപറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. യുഎസിനെ തരംതാഴ്ത്തുക എന്ന ലക്ഷ്യത്തോടെയല്ല വീഡിയോ ചെയ്തതെന്നും പ്രചരിച്ചുകൊണ്ടിരുന്ന ഒരു സ്‌ക്രിപ്റ്റ് ഞാൻ വായിക്കുക മാത്രമാണ് ചെയ്തതെന്നും സ്വാതി വിശദീകരിച്ചിരുന്നു.
ആരോ തന്റെ വീഡിയോ ഡൗൺലോഡ് ചെയ്ത് അനുവാദം കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സ്വാതി ആരോപിച്ചു. തെലങ്കാന ഖമ്മം ജില്ലക്കാരിയായ സ്വാതി ഒരു തെലുങ്ക് മാധ്യമത്തിലെ ന്യൂസ് അവതാരകയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവിനൊപ്പം ഒരു വർഷം മുമ്പാണ് സ്വാതി യുഎസിൽ എത്തിയത്.
Discussion about this post