ദുബായ്: യുഎഇയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം നാല്‍പതിനായിരം കടന്നു. പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 4123 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 22 പേരാണ് വൈറസ് ബാധമൂലം യുഎഇയില്‍ മരിച്ചത്. അതേസമയം വൈറസ് ബാധിതതുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ അതാത് രാജ്യങ്ങള്‍ ഉടന്‍ തന്നെ തിരികെ കൊണ്ട് പോകണമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍പരമായ കരാറുകള്‍ പുനഃപരിശോധിക്കുമെന്നും എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുമെന്നും യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്‌മെന്റ് ക്വാട്ട വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ചില രാജ്യങ്ങള്‍ ഈ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്താത്തത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യുഎഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വൈറസ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസിനു തയ്യാറാണെന്ന് യുഎഇ അറിയിച്ചെങ്കിലും ലോക്ക് ഡൗണ്‍ കഴിഞ്ഞ് തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ യുഎഇ നിലപാട് കര്‍ശനമാക്കിയതോടെ പ്രത്യേക വിമാന സര്‍വീസിന് ഇന്ത്യ ഉടന്‍ തന്നെ അനുമതി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.