ദുബായ്: സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ മുറവിളി കൂട്ടുമ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ മടിക്കുന്ന രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി.
നിരവധി പ്രവാസികളാണ് നാട്ടിലേക്ക് തിരിച്ചുപോകാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുഎഇ മനുഷ്യവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വിശദീകരണമെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഏതെങ്കിലും രാജ്യത്തിന്റെ പേര് മന്ത്രാലയം പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിഷേധാത്മക നിലപാടിന് എതിരേയാണ് യുഎഇയുടെ പുതിയ നീക്കമെന്നാണ് സൂചന. മടങ്ങിവരാന്‍ താത്പര്യമറിയിച്ച പ്രവാസികളെ എന്തുകൊണ്ട് ഇന്ത്യയും പാകിസ്താനും പരിഗണിക്കുന്നില്ല എന്ന ചോദ്യം കഴിഞ്ഞദിവസം യുഎഇയിലെ ചില ഇംഗ്ലീഷ് പത്രങ്ങള്‍ വാര്‍ത്തകളാക്കിയിരുന്നു.
എന്നാല്‍ ലോക്ഡൗണ്‍ കഴിയാതെ പ്രവേശനം അനുവദിക്കാനാവില്ല എന്ന നിലപാടിലായിരുന്നു ഇന്ത്യ. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ദിവസങ്ങളായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. താത്പര്യമുള്ളവരെ കൊണ്ടുപോകാന്‍ യുഎഇ തയ്യാറാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡല്‍ഹിയില്‍ വെച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍പരമായ കരാറുകള്‍ പുനഃപരിശോധിക്കുമെന്നും എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പഠിക്കുമെന്നും മനുഷ്യവിഭവ ശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇത്തരം രാജ്യങ്ങളുമായി തൊഴില്‍സംബന്ധിയായ ധാരണാപത്രങ്ങള്‍ റദ്ദാക്കുന്നതും ഭാവിയിലുള്ള തൊഴില്‍നിയമനങ്ങള്‍ നിയന്ത്രിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടിളാണ് യുഎഇ ആലോചിക്കുന്നത്.
സ്വന്തം പൗരന്മാരെ പരിഗണിച്ച് ഉത്തരവാദിത്വത്തോടെയുള്ള ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യുഎഇ പ്രഖ്യാപിച്ചിരുന്നു.
ഇക്കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. സ്വകാര്യമേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചില നിയമങ്ങളും പാസാക്കി. ഇതിനുപിന്നാലെ ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം തന്നെ യുഎഇയിലെ തങ്ങളുടെ പൗരന്മാരെ തിരിച്ചുകൊണ്ടുപോയിക്കഴിഞ്ഞു. വിദേശരാജ്യങ്ങളിലുള്ള സ്വന്തം പൗരന്മാരെ യുഎഇ തിരിച്ചുകൊണ്ടുവരികയും ചെയ്തു.
എന്നാല്‍ ഇന്ത്യ പ്രവാസികളുടെ കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് ഉള്‍പ്പെടെയുള്ള യു.എ.ഇ. വിമാനക്കമ്പനികള്‍ പ്രത്യേകം വിമാനസര്‍വീസുകളടക്കം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യ അനുമതി നല്‍കാത്തതിനാല്‍ പിന്നീട് അവ റദ്ദാക്കുകയായിരുന്നു.