പ്രവാസികളെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി: തൊഴില്‍വിസ റദ്ദാക്കിയേക്കും, ക്വാട്ട വെട്ടിക്കുറയ്ക്കുമെന്ന് യുഎഇ; ഇന്ത്യയ്ക്ക് തിരിച്ചടി

ദുബായ്: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുപോകാന്‍ കൂട്ടാക്കാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇയുടെ മുന്നറിയിപ്പ്. അതത് രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനഃപരിശോധിക്കും. രാജ്യങ്ങളുടെ തൊഴിലാളി റിക്രൂട്ട്മെന്റ് ക്വാട്ട വെട്ടിക്കുറക്കാനും യുഎഇ തീരുമാനിച്ചു.

ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയിക്കഴിഞ്ഞു. ഇതുവരെയും പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ് യുഎഇയുടെ നടപടി. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് യുഎഇയുടെ തീരുമാനം. ഭാവിയില്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് തൊഴില്‍വിസ നല്‍കുന്നത് വരെ റദ്ദാക്കിയേക്കുമെന്നാണ് യുഎഇയുടെ മുന്നറിയിപ്പ്.

ഓരോ രാജ്യങ്ങളുടെയും കോവിഡ് രോഗമില്ലാത്ത പൗരന്‍മാരെ നാട്ടിലെത്തിക്കാമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വിവിധ എംബസികളെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുള്‍പ്പടെയുള്ള പല രാജ്യങ്ങളും ഇതിനോട് പ്രതികരിച്ചിട്ടില്ല.

കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒട്ടേറെ പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി അവരുടെ മാതൃരാജ്യങ്ങള്‍ മടിയ്ക്കുന്നത്.

അതേസമയം, യുഎഇയില്‍ നിന്ന് അനുമതി ലഭിച്ച സ്ഥലങ്ങളിലേക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഒഴിപ്പിക്കല്‍ വിമാനങ്ങള്‍ പറത്തുന്നത് തുടരും. ദുബായില്‍ നിന്ന് സൂറിച്ച്, ബ്രസ്സല്‍സ്, പാരീസ്, ലണ്ടന്‍ ഹീത്രോ, ഫ്രാങ്ക്ഫര്‍ട്ട് എന്നീ സ്ഥലങ്ങളിലേക്കാണ് ആ രാജ്യങ്ങളിലുള്ള പൗരന്മാര്‍ക്കായി എമിറേറ്റ്സ് വിമാന സര്‍വീസുകള്‍ നടത്തുന്നത്. ടെര്‍മിനല്‍ മൂന്നില്‍ നിന്നാണ് വിമാനങ്ങള്‍ പുറപ്പെടുക.

എമിറേറ്റ്‌സ് ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ സാധ്യമായില്ല. നാട്ടിലേക്ക് പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും യുഎഇ.നല്‍കുന്നുണ്ട്. എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇയുടെ ഇന്ത്യയിലെ അംബാഡര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version