ദുബായ്: കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഏഷ്യക്കാരായ രണ്ടുപേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിക്കുന്നവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 370 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 3360 ആയി.
പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ വിവിധ രാജ്യക്കാരുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ചികിത്സ ലഭ്യമാക്കി വരികയാണെന്നുമാണ് അധികൃതര്‍ അറിയിച്ചത്.
അതേസമയം വൈറസിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താല്‍ക്കാലികം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ ഏകീകൃത തൊഴില്‍കരാറും അധികൃതര്‍ പുറത്തിറക്കി. തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി, വേതനമില്ലാതെ മുന്‍കൂട്ടി അവധി നല്‍കുക, താല്‍ക്കാലികമായി വേതനം വെട്ടിക്കുറയ്ക്കുക തുടങ്ങിയ ഏതെങ്കിലും ഒന്ന് സ്വീകരിക്കാനാണ് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവസരം നല്‍കിയിരിക്കുന്നത്.