നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വന്തം നിലയിൽ തിരിച്ചെത്തിക്കാം; കൊവിഡ് ബാധിതർക്ക് ചികിത്സയും ഒരുക്കും; പ്രവാസികൾക്ക് ആശ്വാസം പകർന്ന് യുഎഇ

ന്യൂഡൽഹി: യുഎഇയിൽ കൊവിഡ് പടരുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്ക് ഉൾപ്പടെയുള്ള കർശ്ശന നിർദേശങ്ങൾക്ക് ഇടയിലും പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം. സ്വദേശത്തേക്ക് മടങ്ങാൻ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്നും കൊറോണ ബാധിതരെ യുഎഇയിൽ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡർ അഹമ്മദ് അൽബന്ന വ്യക്തമാക്കി.

ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കാരെ മടക്കിയെത്തിക്കാൻ യുഎഇ തയ്യാറാണെന്ന കാര്യം അംബാസിഡർ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം അതാതുരാജ്യങ്ങളിലെ എംബസികൾക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

യുഎഇ തന്നെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡർ അറിയിച്ചിരിക്കുന്നത്. മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറാണെന്നാണ് അംബാസിഡർ വ്യക്തമാക്കിയത്.

നേരത്തെ, കൊറോണ വൈറസ് ബാധിതരായ പ്രവാസികൾക്ക് പോലും ആവശ്യമായ കൊറൈന്റൻ സൗകര്യവും ചികിത്സയും ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതി ഉയർന്നിരുന്നു. പ്രധാനമന്ത്രി ഇക്കാര്യം യുഎഇ രാഷ്ട്രത്തലവൻമാരുമായി മാരുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചിരുന്നു. ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്ഥാനപതിമാർക്ക് അടിയന്തര ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറും അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Exit mobile version