കൊവിഡ് പ്രതിരോധം ശക്തമാക്കി; ദുബായിയിൽ പൊതുജനങ്ങൾക്ക് സൗജന്യ പരിശോധന; പരിശോധനയ്ക്ക് 5 മിനിറ്റ്; 48 മണിക്കൂറിനുള്ളിൽ ഫലമറിയാം

ദുബായ്: ദിനംപ്രതി കൊവിഡ് രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രതിരോധത്തിനായി ദുബായിയിൽ പൊതുജനങ്ങൾക്ക് സൗജന്യ പരിശോധന. രാവിലെ 8 മണി മുതൽ വൈകിട്ട് ആറര വരെയാണ് പരിശോധനാ സമയം. ദുബായ് അൽ നാസർ ക്ലബ്ബിലാണ് പരിശോധന നടത്തുക.

ഇവിടെ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി സേവനം ലഭിക്കും. ഇതിനായി ദുബായ് ഹെൽത്ത് അതോറിറ്റിയുടെ 800 342 എന്ന നമ്പറിൽ വിളിച്ച് മുൻകൂർ ബുക്ക് ചെയ്യാം. മൊബൈൽ നമ്പറിലേക്ക് ഡിഎച്ച്എ സന്ദേശമയക്കും. ഇതും എമിറേറ്റ്‌സ് ഐഡിയുമായി പരിശോധനയ്ക്ക് ചെല്ലാവുന്നതാണ്. പരിശോധനയ്ക്കായി വാഹനത്തിൽനിന്ന് പുറത്തിറങ്ങേണ്ട കാര്യമില്ല. ആരോഗ്യ പ്രവർത്തകർ അടുത്തെത്തി അഞ്ച് മിനിറ്റിനുള്ളിൽ പരിശോധന പൂർത്തിയാക്കും. 48 മണിക്കൂറിനകം പരിശോധാ ഫലം കിട്ടും.

DHA ആപ്പ് ഡൗൺ ലോഡ് ചെയ്ത് അതിൽ ലാബ് റിസൽട്ടിലും, തുടർന്ന് പേഷ്യന്റ് സർവ്വീസ് എന്ന ലിങ്കിലും ക്ലിക്ക് ചെയ്താൽ ഫലം അറിയാനാകും. ഗർഭിണികൾ, മുതിർന്ന പൗരൻമാർ എന്നിവർക്കാണ് കൊവിഡ് പരിശോധനയിൽ മുൻഗണന നൽകുക. പരിശോധനയ്ക്ക് പുറത്തിറങ്ങുന്നവർ മൊബൈലിലെ DHA യുടെ സന്ദേശം കാണിച്ചാൽ മതി. റഡാറിൽ കുടുങ്ങിയുള്ള പിഴയിൽനിന്നും പിന്നീട് ഇളവ് ലഭിക്കും. പുറത്തിറങ്ങുമ്പോൾ മാസ്‌കും ഗ്ലൗസും നിർബന്ധമാണ്.

Exit mobile version