റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗം ബാധിച്ച് രോഗമുക്തി നേടിയ പിഞ്ചുകുഞ്ഞിനെ വീട്ടിലേക്ക് ആഘോഷപൂർവ്വം യാത്രയാക്കി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആഴ്ചകൾ മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
റിയാദിലെ ദവാദ്മിയയിലാണ് ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് 19ൽനിന്നു മോചനം നേടിയത്. ജനിച്ചു നാലാം ദിനമാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞിനെ രോഗം ഭേദമായപ്പോൾ ആരോഗ്യ പ്രവർത്തകരും ആശുപത്രി ജീവനക്കാരും ചേർന്നാണ് കുഞ്ഞിനെ വീട്ടിൽ എത്തിച്ചത്.
രാജ്യത്തിൻറെ വിവിധ പ്രവിശ്യകളിൽനിന്ന് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞിന് രോഗ മുക്തി ലഭിച്ചത് ആരോഗ്യ പ്രവർത്തകർക്കും സൗദി ജനതയ്ക്കും വലിയ ധൈര്യമാണ് നൽകുന്നത്.
Discussion about this post