റിയാദ്: ചികിത്സയില്‍ കഴിയവെ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. മലപ്പുറം ചെമ്മാട് നടമ്മല്‍ പുതിയകത്ത് സഫ്വാനാണ് മരിച്ചത്. 41 വയസ്സായിരുന്നു. ശക്തമായ ചുമയും പനിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഇദ്ദേഹത്തിന് പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയതായി ബന്ധുക്കള്‍ പറയുന്നു.
ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന സഫ്വാന് ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സൗദിയിലെ റിയാദിലുള്ള സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ചികിത്സയ്‌ക്കെത്തിയത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു.
മരണ വിവരം ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ് അറിയിച്ചത്. ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ സഫ്വാന് കോവിഡ് 19 പോസിറ്റീവാണെന്നും കണ്ടെത്തിയതായി ബന്ധുക്കള്‍ പറയുന്നു. സൗദി ആരോഗ്യ മന്ത്രാലയം പരിശോധനക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ.
നിലവില്‍ മരണം സംബന്ധിച്ചും രോഗം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല. സന്ദര്‍ശക വിസയില്‍ എത്തിയ ഭാര്യ ഖമറുന്നിസ മാര്‍ച്ച് 10 മുതല്‍ സഫ്വാനൊപ്പം റിയാദിലുണ്ട്. ചെമ്മാടാണ് സ്വദേശമെങ്കിലും കൊണ്ടോട്ടിക്കടുത്ത് പറമ്പില്‍ പീടികയിലേക്ക് സഫ്വാനും കുടുംബവും താമസം മാറിയിരുന്നു. ചെമ്മാട് പരേതരായ കെ.എന്‍.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ് സഫ്വാന്‍.