ദുബായ്: ദുബായിയിലെ എമിറേറ്റ്‌സ് വിമാനക്കമ്പനി കോവിഡ് കാലത്ത് താത്കാലികമായി വിമാന സർവീസ് ആരംഭിക്കുന്നു. ഏപ്രിൽ ആറ് മുതൽ 30 വരെയുള്ള ദിവസങ്ങളിൽ, കൊച്ചിയിലേക്കും തിരുവനന്തപുരത്തേയ്ക്കും സർവീസ് നടത്തും. കോവിഡ് മൂലം നിർത്തിവെച്ച സ്ഥലങ്ങളിലേക്ക് ചെറിയ രീതിയിൽ സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ തീരുമാനം.
ഇതനുസരിച്ച്, ദുബായിയിൽ നിന്ന് കൊച്ചിയിലേക്ക് പുലർച്ചെ 3.20 ന് പുറപ്പെട്ട് , രാവിലെ ഒമ്പതിന് കൊച്ചിയിൽ വിമാനം എത്തും. കൂടാതെ, രാവിലെ പത്തരയ്ക്ക് ദുബായിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55 ന് കൊച്ചിയിൽ എത്തുന്ന സർവീസും ഉണ്ടാകും.
ഇതോടൊപ്പം, തിരുവനന്തപുരത്തേയ്ക്ക് വൈകിട്ട് 5.15 ന് പുറപ്പെട്ട്, രാത്രി പതിനൊന്നിന് എത്തിച്ചേരും. കൂടാതെ, രാത്രി പന്ത്രണ്ടരയ്ക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നിന് എത്തുന്ന വിമാനവും സർവീസ് നടത്തും. കൂടാതെ, മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും എമിറേറ്റ്‌സ് സർവീസ് നടത്തും. 777300 എയർക്രാഫ്റ്റ് ആണ് ഇതിനായി ഉപയോഗിക്കുകയെന്നും എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു.