ദുബായ്: ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം നാലായിരം കവിഞ്ഞു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 299 പേര്‍ക്കാണ്. വൈറസ് ബാധമൂലം സൗദി അറേബ്യയില്‍ രണ്ടും യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതവുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 23 ആയി. അഞ്ച് കൊവിഡ് രോഗികളാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. സൗദിയിലെ മദീനയില്‍ രണ്ടു വിദേശികളും യുഎഇയില്‍ ഒരു ഏഷ്യന്‍ വംശജനും മരിച്ചവരില്‍ ഉള്‍പ്പെടും. ഖത്തറില്‍ അമ്പത്തെട്ടുകാരനും ഒമാനില്‍ 72നായ സ്വദേശിയുമാണ് വൈറസ് ബാധമൂലം മരിച്ചത്.
യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 53ല്‍ 31 പേരും ഇന്ത്യക്കാരാണ്. ബഹ്റൈനില്‍ പുതുതായി രോഗം സ്ഥിരീകരിച്ച 52ല്‍ 47ഉം പ്രവാസികളാണ്. മറ്റു രാജ്യങ്ങളിലെ കൊവിഡ് പട്ടികയിലും ഇന്ത്യക്കാര്‍ ധാരാളമുണ്ട്. സൗദി അറേബ്യയില്‍ പത്തും യുഎഇയില്‍ ആറും ബഹ്റൈനില്‍ നാലും ഖത്തറില്‍ രണ്ടും ഒമാനില്‍ ഒരാളുമാണ് കൊവിഡ് വൈറസ് ബാധമൂലം മരിച്ചത്. പുതുതായി 299 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം 4052 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് സൗദിയിലാണ്. 1563 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സാമൂഹിക വ്യാപന ആശങ്കകള്‍ക്കിടയിലും കുറ്റമറ്റ മുന്‍കരുതല്‍ നടപടികളിലൂടെ കൊവിഡിനെ നിയന്ത്രിച്ചു നിര്‍ത്താനാണ് ഗള്‍ഫ് തീരുമാനം.
സൗദിയിലും കുവൈത്തിലും കര്‍ഫ്യൂ ശക്തമാക്കിയിരിക്കുകയാണ്. ദുബായിയില്‍ ദേര അല്‍റാസ് മേഖലയില്‍ രണ്ടാഴ്ചക്കാലം സമ്പൂര്‍ണ വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മക്കയിലെ 5 മേഖലകളില്‍ പൂര്‍ണ സമയ കര്‍ഫ്യൂവും കുവൈത്തിലെ രാത്രികാല കര്‍ഫ്യൂവും മാറ്റമില്ലാതെ തുടരുന്നുണ്ട്. കുവൈത്ത് പ്രഖ്യാപിച്ച ഒരു മാസത്തെ പൊതുമാപ്പ് ഇന്നുമുതല്‍. ലേബര്‍ ക്യാമ്പുകളില്‍ കൊവിഡ് പരിശോധനക്ക് യുഎഇ പദ്ധതി പ്രഖ്യാപിച്ചു. യുഎഇയില്‍ പുറത്തിറങ്ങുന്നതിനുള്ള രാത്രിവിലക്ക് തുടരും.
Discussion about this post