ദുബായ്: യുഎഇയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള വഴി തുറന്നു. കേരളത്തില്‍നിന്ന് യുഎഇയിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങള്‍ തിരിച്ചുപറക്കുമ്പോള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കും. പൊതുപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ശ്രമത്തിന്റെ ഫലമായാണ് മൃതദേഹങ്ങള്‍ കാര്‍ഗോവിമാനങ്ങളില്‍ കൊണ്ടുപോകാനുള്ള വഴിതുറന്നത്.
കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തിവെച്ചതോടെ പിറന്ന നാട്ടിലെ ആറടിമണ്ണില്‍ അന്ത്യനിദ്ര കൊള്ളാനുള്ള പ്രവാസികളുടെ അവകാശം നിഷേധിക്കപ്പെട്ടിരുന്നു. ഉറ്റവര്‍ക്ക് പ്രിയപ്പെട്ടവരെ അവസാനമായി കാണാനോ അന്ത്യചുംബനം നല്‍കാനോ കഴിഞ്ഞിരുന്നില്ല.
പലരുടെയും മൃതദേഹങ്ങള്‍ പ്രവാസ നാടുകളില്‍ തന്നെ സംസ്‌കരിച്ചു. പത്തോളം മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറികളിലും സൂക്ഷിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് പൊതുപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സങ്കടഹര്‍ജി ശ്രദ്ധയില്‍പ്പെട്ട ചില വ്യവസായപ്രമുഖരാണ് കാര്‍ഗോ വിമാനങ്ങളുടെ തിരിച്ചുള്ള യാത്രയില്‍ ഈസൗകര്യം ശരിയാക്കിക്കൊടുത്തത്.
വിമാനത്താവളങ്ങളിലെ ചില ചെലവുകള്‍ വേണ്ടിവരുന്നുണ്ടെങ്കിലും അധികം കാത്തിരിപ്പില്ലാതെ മൃതദേഹം കയറ്റിയയ്ക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ ദുബായില്‍ തുറന്നുകിട്ടിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച ആന്റണി ജെയ്‌സണ്‍, സ്റ്റീഫന്‍ വിറ്റസ് എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്ക് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ അയച്ചത്. തിങ്കളാഴ്ച നെടുമ്പാശ്ശേരിയിലേക്കുപോകുന്ന ചരക്കുവിമാനത്തില്‍ രണ്ട് മൃതദേഹങ്ങള്‍കൂടി കൊണ്ടുപോകും.
Discussion about this post