ദുബായ്: പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും ശക്തമാക്കി കൊറോണയെ തടയാന്‍ കഠിന പരിശ്രമം നടത്തുമ്പോഴും ഗള്‍ഫ് നാടുകളില്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയില്‍ ശനിയാഴ്ച ഒരാള്‍ മരിച്ചു. ഇതോടെ ഗള്‍ഫ് നാടുകളില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു.
കൊറോണ ബാധിച്ച് റിയാദില്‍ ഒരു സ്വദേശിപൗരനാണ് മരിച്ചത്. സൗദിയില്‍ ശനിയാഴ്ച 99 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ രോഗബാധിതരുടെ എണ്ണം 1203 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദല്‍ ആലി അറിയിച്ചു.
യുഎഇയില്‍ 63 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുഎഇയില്‍ രോഗബാധിതരുടെ എണ്ണം 468 ആയി. കുവൈറ്റില്‍ പത്തുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 235 ആയി.എട്ടു സ്വദേശികള്‍ക്കും രണ്ടു വിദേശികള്‍ക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 64 പേര്‍ രോഗവിമുക്തരായി. 910 പേര്‍ ക്വാറന്റൈന്‍ നിരീക്ഷണവും പൂര്‍ത്തിയാക്കി. 11 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ഒമാനില്‍ 21 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സാമൂഹികവ്യാപനം ഉണ്ടായെന്നു സ്ഥിരീകരിച്ച ഒമാനില്‍ രോഗബാധിതരുടെ എണ്ണം 152 ആയി ഉയര്‍ന്നു. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടച്ചു. മസ്‌കറ്റ്, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ നഗരശുചീകരണം പുരോഗമിക്കുന്നു.