മസ്‌ക്കറ്റ്: വിവിധ വിസകളില്‍ എത്തി ഒമാനില്‍ തങ്ങുന്നവര്‍, തങ്ങളുടെ വിസ കാലാവധി കഴിയുന്നതിനെ കുറിച്ച് ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഇവര്‍ അനധികൃത താമസത്തിന് ഉള്ള പിഴ അടക്കേണ്ടി വരില്ല. പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സി ഡയറക്ടറേറ്റ് ജനറല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒമാന്‍ ഒബ്‌സര്‍വര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഒമാനില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ളവരും വിസിറ്റ്, ബിസിനസ് മറ്റ് ഷോര്‍ട്ട് ടേം വിസകളില്‍ എത്തി രാജ്യത്ത് കുടുങ്ങിപോയവരും വിസ കാലാവധി കഴിയുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചത്. വിമാന സര്‍വീസ് റദ്ദാക്കിയതിനാലും വിമാനത്താവളം അടച്ചതിനാലും രാജ്യം വിടാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്ത് അനധികൃതമായാണ് താമസിക്കുന്നതെന്ന പേടി വേണ്ട. ഇവര്‍ അനധികൃത താമസത്തിന് ഉള്ള പിഴ അടക്കേണ്ടി വരില്ലയെന്നും ഡയറക്ടറേറ്റ് ജനറലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊവിഡ് ഭീതി അകന്ന് കാര്യങ്ങള്‍ സാധാരണ നിലയിലായാല്‍ താമസാനുമതി പുതുക്കി നല്‍കുന്നതിന് സമയം അനുവദിച്ച് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധ്യമാകുന്ന എല്ലാ കാര്യങ്ങളും അനുവദിച്ച് നല്‍കുമെന്നും ഈ വിഷയത്തില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ ഔദ്യോഗിക അറിയിപ്പ് വൈകാതെ പുറത്തുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post