അബൂദാബി: കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ റെസിഡന്‍സി വിസകള്‍ യുഎഇയില്‍ തനിയേ പുതുക്കപ്പെടും. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിസ പുതുക്കാനുള്ള മെഡിക്കല്‍ പരിശോധനയില്‍ നിന്നും ഇവരെ ഒഴിവാക്കി. തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ വിസകള്‍ക്കാണ് ഇത് ബാധകം.
രാജ്യത്ത് കൊവിഡ് 19 വൈറസ് പടര്‍വന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍മന്ത്രാലയം, ആരോഗ്യമന്ത്രാലയം, താമസകുടിയേറ്റ മന്ത്രാലയം എന്നിവ സംയുക്തമായാണ് മെഡിക്കല്‍ പരിശോധനകള്‍ ഒഴിവാക്കി തൊഴിലാളികളുടെ വിസകള്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിച്ചത്.
ഇതോടെ വിസ പുതുക്കാനായി പ്രവാസി തൊഴിലാളികളും വീട്ടുജോലിക്കാരും മെഡിക്കല്‍ കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല. വിസ പുതുക്കാനുള്ള അപേക്ഷകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വിസ പുതുക്കുന്നതിനുള്ള ഫീസ് ഈടക്കാന്‍ ഓണ്‍ലൈനില്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.