ദുബായ്: കൊറോണ ലോകരാജ്യങ്ങളെ കീഴടക്കിക്കൊണ്ട് പടര്‍ന്നുകേറുകയാണ്. മരണസംഖ്യ 18000വും കടന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കൊറോണ ഭീതിയില്‍ കഴിയുകയാണ് ജനങ്ങള്‍. ഇതില്‍ ഏറെയും ഭീതിയിലും പ്രതിസന്ധിയിലുമായിരിക്കുന്നത് ഗള്‍ഫിലെ പ്രവാസികള്‍ തന്നെയാണ്. ഈ കൊറോണക്കാലം അവര്‍ക്ക് വിലക്കുന്നത് പിറന്ന മണ്ണിലെ അന്ത്യനിദ്രയാണ്.
കൊറോണ ഭീഷണിയുയര്‍ന്നതോടെ ഇന്ത്യ നടപ്പാക്കിയ പ്രവേശനവിലക്കും യു.എ.ഇ. വിമാനസര്‍വീസുകളെല്ലാം താത്കാലികമായി റദ്ദുചെയ്തതുംകാരണം പ്രവാസലോകത്ത് മരിച്ചവരുടെ ഭൗതികശരീരങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാവാത്ത അവസ്ഥയാണ് എല്ലായിടത്തും.
കുടുംബം പുലര്‍ത്താന്‍ പ്രവാസലോകത്ത് എത്തിയവരില്‍ പലരെയും ഈ മണ്ണില്‍ത്തന്നെ ഉറങ്ങാന്‍ അനുവദിക്കുകയാണിപ്പോള്‍ പലരും. മൃതദേഹം നാട്ടിലെത്തിക്കാനോ ഉറ്റവരുടെ മരണമറിഞ്ഞ് അവസാനമായി ഒരു നോക്കുകാണാന്‍, മരിച്ചവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ആര്‍ക്കും അവിടേക്ക് പോകാനോ കഴിയുന്നില്ല.
ഒരുദിവസം ശരാശരി അഞ്ച് ഇന്ത്യക്കാര്‍ യു.എ.ഇ.യില്‍മാത്രം മരിക്കുന്നുണ്ട്. മലയാളികളുടെ ശരാശരി രണ്ടാണ്. സാധാരണഗതിയില്‍ യാത്രാവിമാനങ്ങളില്‍ത്തന്നെ മൃതദേഹങ്ങളും ഇവിടെനിന്ന് നിത്യേന കൊണ്ടുപോകുമായിരുന്നു. വിമാനങ്ങള്‍ ഇല്ലാതായതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്.
എല്ലാ ഗള്‍ഫ് നാടുകളിലെയും സ്ഥിതി ഇതുതന്നെ. അതേസമയം എന്നെങ്കിലും വഴി തുറക്കുമെന്നും പിറന്ന മണ്ണില്‍ അന്ത്യനിദ്രകൊള്ളുമെന്നും പ്രതീക്ഷയില്‍ പത്തിലേറെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ ഇപ്പോഴും ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്നത്.
Discussion about this post