റിയാദ്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കി സൗദി അറേബ്യ. സൗദിയില്‍ 21 ദിവസത്തേയ്ക്ക് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ലംഘിച്ചാല്‍ 10,000 റിയാല്‍ പിഴയെന്ന് അധികൃതര്‍ അറിയിച്ചു. കൂടാത ഈ നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇതിന്റെ ഇരട്ടിയാകുമെന്നും പിന്നെയും തുടര്‍ന്നാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. വൈറസ് വ്യാപനം ദിനം പ്രതി കൂടി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുന്നത്.
സൗദിയില്‍ വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധന നിയമം ലംഘിക്കുന്ന എല്ലാവര്ക്കും ശിക്ഷാനടപടികളുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയില്‍ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്.
Discussion about this post