മസ്കറ്റ്: മസ്കറ്റില്‍ 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ കനത്ത മഴയും മലവെള്ളപ്പാച്ചിലും. മലവെള്ളപ്പാച്ചിലില്‍ രണ്ട് മലയാളികളെ കാണാതായതായി റിപ്പോര്‍ട്ട്. ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്ത് ഗോപി, വിജീഷ് എന്നിവരെയാണ് കാണാതായത്.
അമല എന്ന സ്ഥലത്തെ ഇവരുടെ മറ്റൊരു കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വാഹനത്തില്‍ മലവെള്ളപ്പാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കവേയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. ഇവരുടെ വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. ഒഴുക്കില്‍പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.
തെരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. മഴയെ തുടര്‍ന്ന് ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ് രൂപപ്പെട്ടത്. രണ്ടുപേരെ കാണാതായതിന് സമീപത്തെ വാദിയില്‍ മറ്റൊരു മലയാളിയുടെ വാഹനവും ഒഴുക്കില്‍ പെട്ടു. അല്‍ മഹാ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനീഷിന്റെ വാഹനമാണ് ഒഴുക്കില്‍ പെട്ടത്. വാഹനം നഷ്ടമായെങ്കിലും അനീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു.
Discussion about this post