ദുബായ്: ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരങ്ങൾ പോലും മാറ്റിവെയ്‌ക്കേണ്ട അവസ്ഥയാണ് കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്. മിക്ക രാജ്യങ്ങളും ആരാധനാലയങ്ങൾ പൂട്ടി. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായുള്ള പ്രതിരോധപ്രവർത്തനങ്ങൾ എല്ലാ രാജ്യങ്ങളിലും ഊർജിതമായി നടക്കുകയുമാണ്.
ഇതിനിടെ സൗദി അറേബ്യ ശനിയാഴ്ച മുതൽ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചു. സൗദിയിൽ ആഭ്യന്തരവിമാനങ്ങൾ, ബസുകൾ, തീവണ്ടി, ടാക്‌സി എന്നിവയൊന്നും ശനിയാഴ്ച മുതൽ സർവീസ് നടത്തില്ല. അവശ്യസേവന ജീവനക്കാർക്കുള്ള വാഹനങ്ങൾക്ക് സർവീസ് നടത്താം. രണ്ടാഴ്ചത്തേക്കാണ് സൗദി അറേബ്യ പൊതുഗതാഗതം നിർത്തിവെച്ചത്. മിക്കവാറും എല്ലാ ഗൾഫ് നാടുകളും വിദേശികൾ എത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ അന്താരാഷ്ട്ര വിമാനസർവീസുകളും ഭാഗികമായി നിർത്തി. ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ ഞായറാഴ്ചമുതൽ നിർത്തുന്നതായി ഒമാൻ എയർ അറിയിച്ചു.
അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടംകൂടുകയോ ചെയ്യുന്നത് കുവൈറ്റ് വിലക്കി. കൂട്ടംകൂടിനിൽക്കുന്ന ആളുകളെ പോലീസെത്തി പിരിച്ചുവിടുന്നുണ്ട്. അടുത്തഘട്ടത്തിൽ കർഫ്യൂ ഉൾപ്പെടെ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. യുഎഇ പള്ളികളിൽ ജുമുഅ പ്രാർഥന ഇല്ലെന്ന വിവരം അറിയാതെ എത്തിയ ഒട്ടേറെപ്പേർ പള്ളിക്കുപുറത്ത് റോഡിൽ നിസ്‌കരിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് അവരെ തിരിച്ചയച്ചു.
Discussion about this post