ദോഹ: ആപത്ത് വരുമ്പോള്‍ ഒന്നിച്ച് ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ് ഖത്തരി സമൂഹം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമ്പോഴും ഖത്തറില്‍ ഈ കാഴ്ച തന്നെയാണ് കാണുന്നത്. രോഗം ബാധിച്ച തങ്ങളുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനായി ബിസിനസ്സുകാരും വ്യവസായികളും സാധാരണക്കാരും അടക്കം എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്.
രോഗം ബാധിച്ചവര്‍ക്ക് ആശ്വാസമെത്തിക്കുന്നതിനും ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കൊറോണ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ അര്‍ത്ഥത്തിലും കൈത്താങ്ങായി നിരവധി സ്വദേശി ബിസിനസ്സുകാരും വ്യവസായ സ്ഥാപനങ്ങളുമാണ് മുന്നോട്ടുവന്നിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളടക്കം ആവശ്യമുള്ളതെല്ലാം സൗജന്യമായി നല്‍കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.
അതിനിടെ താമസസൗകര്യങ്ങളൊരുക്കാന്‍ തയ്യാറാണെന്ന് പലരും അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രധാനികളായ റെതാജ് സല്‍വ റിസോര്‍ട്ട് അവരുടെ 90 വില്ലകളും 78 റൂമുകളും ക്വാറന്റൈന്‍ സെന്ററുകളാക്കാന്‍ സൗജന്യമായി നല്‍കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ ക്വാറന്റൈന്‍ സെന്ററുകളിലേക്കും ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അല്‍ അകിര്‍ കമ്പനി സൗജന്യ ഭക്ഷണം എത്തിക്കും.
വിവിധയിടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ക്വാറന്റൈന്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനായി പത്ത് ടണ്‍ ഫ്രഷ് ചിക്കന്‍ സൗജന്യമായി നല്‍കുമെന്നാണ് അത്ബ പൌള്‍ട്രി ഫാം അറിയിച്ചിരിക്കുന്നത്.ക്വാറന്റൈന്‍ സെന്ററുകളിലേക്ക് സൗജന്യമായി പാലുല്‍പ്പന്നങ്ങളെത്തിക്കുമെന്ന് അല്‍ വജ്ബ ഡയറി ഫാക്ടറി വ്യക്തമാക്കി.
ക്വാറന്റൈന്‍ സെന്ററുകള്‍ തുടര്‍ച്ചയായി ശുചീകരിക്കുന്ന, അണുവിമുക്തമാക്കുന്ന ജോലികള്‍ സൗജന്യമായി നടത്താമെന്ന് ഏറ്റിരിക്കുകയാണ് ഒറിക്‌സ് ഗ്രൂപ്പ് സര്‍വീസസ്.ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വ്യവസായ സ്ഥാപനം നടത്തുന്ന ജമാല്‍ ജഹാം അബ്ധുല്‍ അസീസ് അല്‍ കുവാരി തന്റെ സ്ഥാപനത്തിലെ 9000 സ്‌ക്വയര്‍ മീറ്റര്‍ വെയര്‍ഹൌസും ഓഫീസുകളും മെഡിക്കല്‍ വസ്തുക്കള്‍ സ്റ്റോര്‍ ചെയ്യാനായി വിട്ടുനല്‍കിയിരിക്കുകയാണ്. മെഡിക്കല്‍ ജീവനക്കാര്‍ക്ക് താമസിക്കാനും ഈ ഇടങ്ങള്‍ ഉപയോഗിക്കാം.
ഖത്തര്‍ പ്രസ് കമ്പനി അറുപതിനായിരം പേപ്പര്‍ കപ്പുകള്‍ സൌജന്യമായി വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. അല്‍ ഖോറിലുള്ള ജുമാ ബിന്‍ ഷഖര്‍ ഷാഹവാനിയെന്ന സ്വദേശി അദ്ദേഹത്തിന്റെ അല്‍ഖോറിലുള്ള അപ്പാര്‍ട്ട്‌മെന്റും എക്‌സിബിഷന്‍ ഹാളും മെഡിക്കല്‍ സേവനങ്ങള്‍ക്കായി വിട്ടുനല്‍കിയിരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളും വ്യക്തികളുമായി സഹായഹസ്തവുമായി എത്തിയിരിക്കുന്നത്.
Discussion about this post