റിയാദ്: സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി പള്ളികളില്‍ ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിത സഭ തീരുമാനിച്ചു. മക്കയിലും മദീനയിലും ഒഴികെയുള്ള ബാക്കി എല്ലാ പള്ളികളിലും നമസ്‌കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് തീരുമാനിച്ചത്.
ഇനി മുതല്‍ മക്കയിലെയും മദീനയിലെയും ഹറം പള്ളികളില്‍ മാത്രമാണ് ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ നടക്കുക. മക്ക, മദീന ഹറമുകള്‍ ഒഴികെ രാജ്യത്തെ മുഴുവന്‍ പള്ളികളുടെയും കവാടങ്ങളും താല്‍ക്കാലികമായി അടച്ചിടും. എന്നാല്‍ പള്ളികളില്‍ നിന്ന് അഞ്ചുനേരവും ബാങ്ക് മുഴങ്ങുമെന്നും സൗദി പണ്ഡിത സഭ അറിയിച്ചു. മുതിര്‍ന്ന സൗദി പണ്ഡിതന്മാരുടെ സഭ ചൊവ്വാഴ്ച റിയാദില്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇന്നലെ മാത്രം 38 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശികളും 31 പേര്‍ സൗദി പൗരന്മാരുമാണ്. ഇതോടെ സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം 171 ആയി.
Discussion about this post