ദുബായ്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുഎഇ എല്ലാ വിസകളുടെയും വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ്-19 ബാധയുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. മാര്‍ച്ച് 17 വരെ സന്ദര്‍ശക വിസ ലഭ്യമായവര്‍ക്കെല്ലാം അത് അസാധുവാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.
ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകള്‍ നല്‍കില്ല. സന്ദര്‍ശക, ബിസിനസ്, വിനോദസഞ്ചാര, തൊഴില്‍ വിസകള്‍ക്കും വിലക്ക് ബാധകമാണ്. ഇത് സംബന്ധിച്ച് എയല്ലൈനുകള്ക്കും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശക വിസയിലുള്ളവരെ യുഎഇയിലേക്ക് എത്തിക്കരുതെന്നാണ് അധികൃതര്‍ നല്കിയ നിര്‍ദേശം.
ഇതുവരെ നല്കിയ എല്ലാ സന്ദര്‍ശക വിസകളും ഇതിനകം നിര്‍ത്തിവെച്ചു. ആറ് മാസത്തിന് മുകളില്‍ യുഎഇക്ക് പുറത്ത് തങ്ങിയവരെയും, യുഎഇ വിസയുള്ള പാസ്പോര്‍ട്ട് നഷ്ടപ്പെടുത്തിയ യാത്രക്കാരെയും വിമാനക്കമ്പനികള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ല.അതേസമയം, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉള്ളവരെയും ഓണ്‍അറൈവല്‍ വിസക്ക് യോഗ്യതയുള്ളവരെയും നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ മെഡിക്കല്‍, കാലാവസ്ഥ വിഭാഗത്തില്‍പെട്ടവര്‍ക്ക് എമര്‍ജന്‍സി വിസ വേണമെങ്കില്‍ നല്‍കും. കൊവിഡ് 19 വൈറസ് മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്. കൊറോണ നിയന്ത്രണവിധേയമായ ശേഷമേ വിസ നിയന്ത്രണത്തില്‍ ഇളവുണ്ടാവൂ എന്നുംയുഎഇ വ്യക്തമാക്കി.
Discussion about this post