റിയാദ്: സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 38 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശികളും 31 പേര് സൗദി പൗരന്മാരുമാണ്. ഇതോടെ സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം 171 ആയി. ഇന്ത്യ, ഒമാന്‍, ബ്രിട്ടന്, ജര്‍മനി, ജോര്‍ദാന്‍, തുര്‍ക്കി, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ സൗദി പൗരന്മാര്ക്കും ബ്രിട്ടന്, സ്പെയിന് എന്നിവിടങ്ങളില്‍ നിന്ന് വന്ന രണ്ട് ജോര്‍ദാന്‍ പൗരന്മാര്ക്കും രണ്ട് ഫിലിപ്പീന്‍സ് പൗരന്മാര്ക്കും മക്കയില്‍ രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാര്ക്കും ഒരു തുര്‍ക്കി പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വൈറസ് ബാധ സ്ഥിരീകരിച്ച 38 പേരില്‍ പത്തൊമ്പത് പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് റിയാദിലാണ്. കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനില്‍ വിദേശത്ത് നിന്നെത്തിയ മൂന്ന് സൗദി പൗരന്മാര്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം രോഗം സ്ഥിരീകരിച്ച ആറുപേര്‍ ഇതിനകം സുഖം പ്രാപിച്ചത് നേരിയൊരു ആശ്വാസം നല്‍കുന്നുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ കവാടങ്ങളില്‍ ഇതുവരെ ഏഴുലക്ഷം പേരെയാണ് ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയെന്നാണ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചത്.
Discussion about this post