ദുബായ്: പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ധനവിനിമയ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഗൾഫിലെ പ്രവർത്തനം നിർത്തിവച്ചു. വിവിധ ശാഖകളും ഓൺലൈൻ ഇടപാടുകളും താത്കാലികമായി നിർത്തിവെയ്ക്കുന്നെന്ന് ബിആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. പ്രവർത്തന വെല്ലുവിളികൾ നേരിടുന്നതിനാൽ നിർത്തുന്നതായാണ് അധികൃതരുടെ വിശദീകരണം. പുതിയ ഇടപാടുകൾ സ്വീകരിക്കുന്നില്ലെങ്കിലും നിലവിലെ ഇടപാടുകൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ശ്രമം നടത്തുകയാണെന്നും കമ്പനി അറിയിച്ചു.
ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ച കമ്പനി അധികൃതർ യുഎഇ എക്‌സ്‌ചേഞ്ചിന്റെ ശാഖകൾ തുറന്നു നിലവിലെ ഇടപാടുകാർക്ക് വേണ്ട സഹായം നൽകുമെന്നും സ്വകാര്യ മാധ്യമത്തോട് കമ്പനി വക്താവ് പ്രതികരിച്ചു.
ലണ്ടൻ സ്റ്റോക് എക്‌ചേഞ്ച് ലിസ്റ്റ് ചെയ്ത ഫിനാബ്ലറിന്റെ കീഴിലാണ് യുഎഇ എക്‌സ്‌ചേഞ്ച് കമ്പനി പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പണമയക്കാൻ പ്രവാസികളുടെ ആശ്രയ കേന്ദ്രമായ യുഎഇ എക്‌സ്‌ചേഞ്ചിന് ഇന്ത്യയിലും ശാഖകളുണ്ട്. അടുത്തിടെ ബിആർ ഷെട്ടിയുടെ കീഴിലുള്ള എൻഎംസി ഹെൽത്ത് ഗ്രൂപ്പ് പ്രശ്‌നങ്ങളിൽപ്പെട്ടിരുന്നു. യുഎഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ എൻഎംസി ഹെൽത്തിന്റെ ഓഹരിയുടെ വലുപ്പം തെറ്റായി വെളിപ്പെടുത്തിയെന്ന ആരോപണത്തിന് പിന്നാലെ യുഎഇ എക്‌സ്‌ചേഞ്ചിന്റെയും എൻഎംസി ഹെൽത്തിന്റെയും സ്ഥാപകനും നോൺ എക്‌സിക്യൂട്ടീവ് ചെയർമാനുമായ ബിആർ ഷെട്ടി ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇതിനുപിന്നാലെയാണ് യുഎഇ എക്‌സ്‌ചേഞ്ചിന്റെ പ്രവർത്തനവും നിർത്തിയിരിക്കുന്നത്.
Discussion about this post