റിയാദ്: കൊറോണ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മോശമായി ബാധിക്കുന്നുവെന്ന നിരീക്ഷണത്തിൽ 50 ബില്യൺ റിയാലിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സൗദി സെൻട്രൽ ബാങ്ക്. രാജ്യത്തെ സ്വകാര്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് ഇത്രയും വലിയ തുകയുടെ സഹായ പാക്കേജെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിലെ കടുത്ത നിയന്ത്രണങ്ങളും മറ്റും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിൽ നിന്നും ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ സംരക്ഷിക്കുകയാണ് ഈ സാമ്പത്തിക പാക്കേജ് വഴി ലക്ഷ്യം വെയ്ക്കുന്നത്.
സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (എസ്എഎംഎ) യാണ് പാക്കേജിന്റെ പണം കൈകാര്യം ചെയ്യുന്നത്. ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് ബാങ്കിലെ തിരിച്ചടവുകൾക്ക് ആറ് മാസത്തെ സാവകാശം നൽകുക, ലോൺ ഗ്യാരണ്ടിയിൽ പ്രത്യേക ഇളവ് ഏർപ്പെടുത്തുക തുടങ്ങിയവയിലൂടെ സഹായം കൈമാറാനാണ് എസ്എഎംഎയുടെ തീരുമാനം.
നേരത്തെ യുഎഇയും രാജ്യത്തെ ബാങ്കുകൾക്ക് കൊറോണ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ സഹായം വാഗ്ദാനം ചെയ്തിരുന്നു.
Discussion about this post