റിയാദ്: സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 103 ആയി. ഇന്നലെ മാത്രം പതിനേഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ മൂന്ന് പേര്‍ക്കും അല്‍ഹസയില്‍ ഒന്നും റിയാദില്‍ പത്തും ജിദ്ദയില്‍ ഒന്നുമായി പതിനഞ്ച് സൗദി പൗരന്മാര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
സൗദി പൗരന്മാര്‍ക്ക് പുറമെ റിയാദില്‍ അമേരിക്ക, ഫ്രാന്‍സ് പൗരന്മാരായ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം രോഗവിമുക്തി നേടി ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി. കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശി ഹുസൈന്‍ അല്‍സറാഫിയാണ് സുഖം പ്രാപിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം റിയാദിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലും തെക്കന്‍ പ്രവിശ്യയിലെ ഖുന്‍ഫുദയിലും വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഏഴുപേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന ട്വീറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് എന്ന അക്കൗണ്ടിലും ഖുന്‍ഫുദയില്‍ മൂന്ന് പേര്‍ക്ക് രോഗമെന്ന് മന്ത്രാലയത്തിന്റെ തന്നെ പേരിലുള്ള അക്കൗണ്ടിലുമുള്ള ട്വീറ്റുകളായാണ് പ്രചരിച്ചത്. എന്നാല്‍ ഇവ രണ്ടും വ്യാജ ട്വീറ്റുകളാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.