കുവൈറ്റ് സിറ്റി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈറ്റ്. ബാര്‍ബര്‍ ഷോപ്പുകള്‍ , സലൂണുകള്‍, ഷോപ്പിംഗ് മാളുകള്‍ ,പൊതുമാര്‍ക്കറ്റുകള്‍ എന്നിവ അടച്ചിടാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കുള്ള വിനോദ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കില്ല.
സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇതുവഴി ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഫുഡ് സ്റ്റഫ് സ്റ്റോറുകള്‍, സപ്ലൈകോ റേഷന്‍ സ്റ്റോര്‍, ജംഇയകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കുമെന്ന് താരിഖ് അല്‍ മസ്‌റം പറഞ്ഞു. റസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ഒരേസമയം അഞ്ചില്‍ കൂടുതല്‍ ഉപഭോക്താക്കളെ സ്വീകരിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരി നില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും താരിഖ് അല്‍മസ്‌റം കൂട്ടിച്ചേര്‍ത്തു.
Discussion about this post