റിയാദ്: സൗദി അറേബ്യയില്‍ തിരിച്ചെത്തുന്ന തൊഴിലാളികള്‍ 14 ദിവസത്തെ മെഡിക്കല്‍ ലീവില്‍ സ്വന്തം വീടുകളില്‍ തന്നെ കഴിയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദിയില്‍ പ്രവേശിച്ച തിയ്യതി മുതല്‍ 14 ദിവസമാണ് വീടുകളില്‍ കഴിയേണ്ടത്. എല്ലാ രാജ്യങ്ങളിലും നിന്നുള്ള തൊഴിലാളികള്‍ക്ക് നിര്‍ദേശം ബാധകമായിരിക്കും. രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
മാര്‍ച്ച് 13 വെള്ളിയാഴ്ച മുതല്‍ സൗദിയിലേക്ക് പ്രവേശിച്ച എല്ലാ രാജ്യക്കാരും തീരുമാനം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തേക്ക് പ്രവേശിച്ച ഒരോരുത്തര്‍ക്കും 14 ദിവസത്തെ മെഡിക്കല്‍ ലീവ് അനുവദിക്കും. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന തങ്ങളുടെ തൊഴിലാളികള്‍ക്ക് അതത് കമ്പനികളും തൊഴിലുടമകളും നിയമാനുസൃത ലീവ് അനുവദിക്കണം. 14 ദിവസത്തെ മെഡിക്കല്‍ ലീവായി തന്നെ നല്‍കണം. രാജ്യത്ത് എത്തിയാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ‘സിഹ്വത്തി’ എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് മെഡിക്കല്‍ ലീവ് ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു.
നേരത്തെ ചില രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം അനുവദിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് ശനിയാഴ്ച മുതല്‍ എല്ലാ രാജ്യക്കാര്‍ക്കും ബാധകമാക്കിയത്.