റിയാദ്: ഇനി സൗദിയിലെ ലേഡീസ് ഷോപ്പുകളില്‍ പുരുഷന്മാരെയും ജീവനക്കാരായി നിയമിക്കാമെന്നു തൊഴില്‍ മന്ത്രാലയം. ശുചീകരണത്തിനും, സാധനങ്ങള്‍ കയറ്റി ഇറക്കുന്നതിനും വിദേശികളായ പുരുഷന്മാരെയും ജോലിക്കുവെയ്ക്കാമെന്നും മന്ത്രാലയം അറിയിച്ചു.
വനിതകളുടെ അബായ, അടിവസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, കുട്ടികളുടെ റെഡിമേഡ് വസ്ത്രങ്ങള്‍ തുടങ്ങിയ 12 ഇനങ്ങളില്‍ പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപങ്ങളിലുള്ള ജോലികള്‍ സ്വദേശി വനിതകള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ സ്ഥാപങ്ങളില്‍ സ്വദേശികളായ പുരുഷന്‍മാര്‍ക്കുകൂടി ജോലി ചെയ്യാവുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്തതായി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ റാജിഹ് അറിയിച്ചു.
ഈ സ്ഥാപനങ്ങളില്‍ ശുചീകരണത്തിനായും സാധനങ്ങള്‍ കയറ്റിയിറക്കുന്നതിനും വിദേശികളെ ജോലിക്കുവെയ്ക്കാമെന്നും മന്ത്രാലയം അറിയിച്ചു. നേരത്തെ ഈ സ്ഥാപനങ്ങളില്‍ പുരുഷന്മാര്‍ ജോലിചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. വനിതകളുടെ വിവിധ വസ്തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ പുരുഷന്മാര്‍ ജോലി ചെയ്താലുള്ള ശിക്ഷാ നടപടികള്‍ ഉള്‍പ്പടെ നേരത്തെ ഇറക്കിയ പത്തിലധികം ഉത്തരവുകളും തൊഴില്‍ മന്ത്രാലയം റദ്ദു ചെയ്തു.
ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാണെങ്കിലും പുതിയ തീരുമാനം പുറത്തുവന്നതോടെ ഈ മേഖലയില്‍ ജോലിചെയ്തിരുന്ന ഒരു വിഭാഗം വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.