കൊറോണ; സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തി; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി

റിയാദ്: സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള നിയന്ത്രണം ഞായറാഴ്ച രാവിലെ 11 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം കൂടിയത്. കൊറോണ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യം കണക്കിലെടുത്താണ് എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സൗദി നിര്‍ത്തി വെച്ചത്.

ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസ് നിര്‍ത്തുക. ഇന്ത്യയടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെയോടെയാണ് എല്ലാ അന്തരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

അതേസമയം, നിയന്ത്രണം ഏര്‍പ്പെടുത്തിയ രണ്ടാഴ്ചക്കിടയില്‍ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കൂവെന്നും ഈ കാലയളവില്‍ തിരികെ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധിയായി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിയന്ത്രണം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയിലെ സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ സ്ഥിരംതാമസ വിസയുള്ള ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

അതേസമയം, പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കടുത്ത നിയന്ത്രണം പ്രവാസികളെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലര്‍ക്കും നാട്ടിലേക്ക് വരാനും നാട്ടില്‍ നിന്ന് മടങ്ങാനും കഴിയാത്ത അവസ്ഥയിലാണ്.

Exit mobile version