ദോഹ: ഖത്തറിനെ ആശങ്കയിലാഴ്ത്തി വീണ്ടും കോവിഡ് 19 ബാധ കണ്ടെത്തി. ആറു പ്രവാസികളിലാണ് കൊറോണ ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഖത്തറിലെ സ്വദേശികളും വിദേശികളുമായ രോഗികളുടെ എണ്ണം 24 ആയി ഉയർന്നു. നേരത്തേ രോഗം സ്ഥിരീകരിച്ച പ്രവാസികളിൽനിന്നാണ് ആറുപേർക്കും രോഗം പിടിപെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സെൻട്രൽ മാർക്കറ്റ്, ഒരു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ ജോലിക്കാരായ പ്രവാസികൾക്കാണ് നേരത്തേ രോഗം പിടിപെട്ടത്. ഇവരുമായി സമ്പർക്കം പുലർത്തിയവർക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ചവരെല്ലാം ചികിത്സയിലാണ്. രോഗം ബാധിച്ചവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയവരെയൊക്കെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. രോഗവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നത്. 16000 എന്ന ഹോട്ട്‌ലൈൻ ടോൾഫ്രീ നമ്പറിൽ വിളിച്ച് ജനങ്ങൾക്ക് കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും.
അതിനിടെ, കോവിഡ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഏറെ ആളുകൾ ഒത്തൊരുമിക്കുന്ന റസ്‌റ്റോറന്റുകളിലെയും മറ്റും ഹുക്ക ശീശ കേന്ദ്രങ്ങൾ നിരോധിച്ചു.
Discussion about this post