റിയാദ്: കൊറോണ (കോവിഡ് 19) വൈറസ് ബാധ അനിയന്ത്രിതമായി പടുന്നതിനിടെ കടുത്ത നടപടികളിലേക്ക് കടന്ന് സൗദി അറേബ്യ. ഒമ്പത് രാജ്യങ്ങൾക്ക് നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്ന സൗദി ഇപ്പോൾ അഞ്ച് രാജ്യങ്ങൾക്ക് കൂടി വിലക്ക് നീട്ടിയിരിക്കുകയാണ്. ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ, തുർക്കി, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ യാത്രക്കാർക്കും ഈ രാജ്യങ്ങളിലേക്കുള്ള യാത്രകളുമാണ് സൗദി വിലക്കിയിരിക്കുന്നത്. നേരത്തെ യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ഈജിപ്ത്,ലെബനൻ, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ, സിറിയ തുടങ്ങിയ രാജ്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
അപകടകാരിയായ കൊറോണ വൈറസ് ബാധ രാജ്യത്ത് നിയന്ത്രിക്കാനായാണ് സൗദിയുടെ ഈ നീക്കങ്ങൾ. വിമാനത്താവളത്തിൽ ശരിയായ വിവരങ്ങൾ നൽകാത്ത യാത്രക്കാർക്കെതിരെ കുറ്റം ചുമത്താനും സൗദി ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം റിയാലാണ് തെറ്റായ വിവരങ്ങൾ നൽകി പ്രതിരോധ പ്രവർത്തിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് പിഴയായി ചുമത്തുക.
വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലേക്കും തിരിച്ചും വ്യോമ മാർഗ്ഗമോ ജല മാർഗ്ഗമോ യാത്ര നടത്താൻ പാടില്ലെന്ന് നിർദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്. തിങ്കളാഴ്ച സൗദിയിൽ 4 പുതിയ കൊറോണ ബാധ കൂടി സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗികളുടെ എണ്ണം 15 ആയി ഉയർന്നിരുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മാത്രമാണ് സൗദി പൗരൻ. മറ്റ് രണ്ടുപേർ ബഹ്‌റൈനിൽ നിന്നെത്തിയവും ഒരാൾ അമേരിക്കൻ പൗരനുമാണ്.