കുവൈത്ത് സിറ്റി: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തി. ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേതുടർന്ന് കരിപ്പൂരിൽ നിന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തിൽ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് വിമാനങ്ങളെ വിലക്കി കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇന്ത്യയ്ക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത്, സിറിയ, ലബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കും തിരിച്ച് കുവൈറ്റിൽ നിന്ന് ഈ രാജ്യങ്ങളിലേക്കും വിമാന സർവീസുകൾ അനുവദിക്കില്ലെന്നാണ് കുവൈറ്റ് സിവിൽ ഏവിയേഷൻ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
കുവൈറ്റ് മന്ത്രിസഭയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. നേരത്തെ കുവൈറ്റിലേക്ക് വരുന്ന വിദേശികൾ കൊറോണ വൈറസ് ബാധിതരല്ലെന്ന് അംഗീകാരമുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശമുണ്ടായിരുന്നു. പിന്നീട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ഇടപെട്ടതിനെ തുടർന്ന് നിയന്ത്രണം നീക്കിയിരുന്നു.
Discussion about this post