ദുബായ്: പത്തുവര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതിക്ക് തയ്യാറായി യുഎഇ മന്ത്രിസഭ. നിക്ഷേപകര്‍, സംരഭകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്ര, ഗവേഷണ, സാങ്കേതിക, കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകള്‍ എന്നിവര്‍ക്കും അവരുടെ കുടുംബത്തിനും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് ദീര്‍ഘ കാല വിസ അനുവദിക്കുക. വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വ്യവസ്ഥകളോടെ അഞ്ചു വര്‍ഷം മുതല്‍ 10 വരെ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. ഭാര്യക്കും മക്കള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും.
നിക്ഷേപത്തിന്റെ തോത് അനുസരിച്ച് രണ്ടു വിഭാഗങ്ങളായാണ് വന്‍കിട നിക്ഷേപകര്‍ക്ക് ദീര്‍ഘ കാല വിസ അനുവദിക്കുക. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 50 ലക്ഷം ദിര്‍ഹമോ അതിലധികമോ മൂല്യമുള്ള ആസ്തിയില്‍ നിക്ഷേപമിറക്കിയവര്‍ക്ക് അഞ്ചു വര്‍ഷ വിസ അനുവദിക്കും. മറ്റു കമ്ബനികളിലും ബിസിനസ് പങ്കാളിത്തത്തിലും മറ്റുമായി ഒരു കോടി ദിര്‍ഹമോ അതിലധികമോ വരുന്ന പൊതുനിക്ഷേപം നടത്തിയവര്‍ക്കും, റിയല്‍ എസ്റ്റേറ്റ് ഇതര മേഖലകളിലായി ഒരു കോടിയില്‍ കുറയാത്ത നിക്ഷേപം നടത്തിയവര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വീണ്ടും പുതുക്കാവുന്ന വിസയും അനുവദിക്കും. നിക്ഷേപം പൂര്‍ണമായും സ്വന്തമായിരിക്കണം. വായ്പ എടുത്തതാവരുത്. മൂന്നു വര്‍ഷമെങ്കിലും കാലാവധിയുള്ള നിക്ഷേപമായിരിക്കണം. കുടുംബത്തിനുപറമേ ബിസിനസ് പങ്കാളികള്‍ക്കും ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കും ഒരു ഉപദേഷ്ടാവ് എന്നിവര്‍ക്കും ഇതേ കാലയളവുള്ള വിസ അനുവദിക്കും. ദീര്‍ഘകാല വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ടാകും.
അഞ്ച് ലക്ഷം ദിര്‍ഹമിന്റെ പ്രൊജക്ട് ഉള്ളവര്‍ക്കും അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പിന്റെ അക്രഡിറ്റേഷന്‍ ഉള്ള ബിസിനസ് സംരംഭകര്‍ക്കും അഞ്ചു വര്‍ഷ വിസ അനുവദിക്കും. നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചാല്‍ ഈ വിസ നിക്ഷേപ വിസയായി ഉയര്‍ത്താന്‍ സാധിക്കും. സംരഭകരുടെ അഞ്ചു വര്‍ഷ വിസയുടെ ആനുകൂല്യം സംരഭത്തിലെ പങ്കാളികള്‍, മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കും ലഭിക്കും.
എമിറേറ്റ്‌സ് സയന്റിസ്റ്റ്‌സ് കൗണ്‍സില്‍ അക്രഡിറ്റേഷന്‍ ഉള്ളവര്‍, ശാസ്ത്ര രംഗത്തെ മികവിന് മുഹമ്മദ് ബിന്‍ റാശിദ് മെഡല്‍ നേടിയവര്‍ തുടങ്ങി ശാസ്ത്ര, സാങ്കേതിക, ഗവേഷണ, രംഗങ്ങളില്‍ മികവുറ്റവര്‍ക്ക് മനാണ്ഡങ്ങള്‍ക്കനുസൃതമായി 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കും. ബന്ധപ്പെട്ട മേഖലകളിലെ സാധുവായ തൊഴില്‍ കരാര്‍ ഇതിനു നിര്‍ബന്ധമാണ്.
ലോകത്തെ മികച്ച 500 യൂണിവേഴ്‌സിറ്റികളില്‍ ഒന്നില്‍ നിന്ന് പിഎച്ഡി, പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരം ലഭിച്ചവര്‍, ബന്ധപ്പെട്ട മേഖലയിലെ ശാസ്ത്രീയ ഗവേഷണ മേഖലയില്‍ നല്‍കിയ സംഭാവനകള്‍, പ്രശസ്ത പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചവര്‍, അപേക്ഷകന്റെ മേഖലയിലെ ഏറ്റവും മികച്ചവര്‍ക്ക് അംഗത്വം നല്‍കുന്ന സംഘടനയിലെ അംഗത്വം, പത്തു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും പിഎച്ച്ഡ്ഡിയും, യുഎഇയില്‍ മുന്‍ഗണന നല്‍കുന്ന മേഖലകളില്‍ സ്‌പെഷലൈസേഷന്‍ ഉള്ളവര്‍ എന്നീ വിഭാഗത്തില്‍ വരുന്ന ഡോക്ടര്‍മാര്‍ക്കും സ്‌പെഷ്യലിസ്റ്റുകള്‍ക്കുമാണ് പത്തുവര്‍ഷ വിസ ലഭിക്കുക.
മിനിസ്ട്രി ഓഫ് കള്‍ചര്‍ ആന്റ് നോളെജ് ഡെവലപ്‌മെന്റ് ഇന്‍വെന്റേഴ്‌സ് അക്രഡിറ്റേഷന്‍ ഉള്ള കലാ സാംസ്‌കാരിക രംഗത്തെ പ്രതിഭകള്‍, മിനിസ്ട്രി ഓഫ് ഇക്കോണമി എക്‌സപ്ഷണല്‍ ടാലന്റ് അനുമതിയുള്ള പേറ്റന്റ് സ്വന്തമാക്കിയവര്‍, ലോകോത്തര ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങളിലോ പേറ്റന്റുകളിലോ രേഖപ്പെടുത്തപ്പെട്ട വേറിട്ട പ്രാഗത്ഭ്യം ഉള്ളവര്‍ എന്നിവരും ഈ ദീര്‍ഘകാല വീസയ്ക്ക് അര്‍ഹരാണ്. അറിയപ്പെട്ടതും രാജ്യാന്തര അംഗീകാരമുള്ളതുമായ മുന്‍നിര കമ്ബനി ഉടമകള്‍, മികച്ച വിദ്യാഭ്യാസ, പ്രൊഫഷണല്‍ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ഉന്നത പദവികള്‍ വഹിക്കുകയും ചെയ്തവര്‍ക്കും ദീര്‍ഘ കാല വീസ ലഭിക്കും.
രാജ്യത്തിനകത്തോ പുറത്തോ സെക്കണ്ടറി സ്‌കൂളില്‍ 95 ശതമാനമെങ്കിലും ഗ്രേഡ് സ്വന്തമാക്കുകയും 3.75 ഗ്രേഡ് പോയിന്റില്‍ ഡിസ്റ്റിങ്ഷനോടെ യുണിവേഴ്‌സിറ്റി ബിരുദവും ഉള്ളവര്‍ക്ക് അഞ്ചു വര്‍ഷ വിസ ലഭിക്കും. ഇവരുടെ കുടുംബത്തിനും ഈ വിസ അനുവദിക്കും