പ്രവാസികള്‍ക്ക് ഒരു കൈത്താങ്ങ്! പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് ഫെബ്രുവരിയില്‍ തുടക്കം

പ്രവാസികള്‍ക്ക് പ്രതിമാസം നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്.

ദുബായ്: പ്രവാസികള്‍ക്ക് കൈത്താങ്ങാകുന്ന പ്രവാസി ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതിക്ക് ഫെബ്രുവരി ആദ്യവാരം തുടക്കമാകും. പ്രവാസികള്‍ക്ക് പ്രതിമാസം നിശ്ചിതവരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. ദുബായിയില്‍ നടത്താന്‍ നിശ്ചയിച്ച ലോക കേരള സഭയുടെ ഗള്‍ഫ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പിടി കുഞ്ഞിമുഹമ്മദ് അറിയിച്ചു. നിശ്ചിത തുക പ്രവാസി ക്ഷേമ ബോര്‍ഡ് മുഖേന നിക്ഷേപിക്കുകയും മൂന്നു വര്‍ഷത്തിനു ശേഷം പ്രവാസിക്കോ അവകാശിക്കോ നിശ്ചിത തുക മാസവരുമാനമായി നല്‍കുകയുമാണ് ലക്ഷ്യം. നിക്ഷേപത്തിന് സര്‍ക്കാര്‍ സുരക്ഷ ഉറപ്പുനല്‍കും. മൂന്നു മുതല്‍ 55 ലക്ഷം രൂപ വരെ പ്രവാസികള്‍ക്ക് നിക്ഷേപിക്കാം. വര്‍ഷം തുകയുടെ 10 ശതമാനമാണ് ലാഭവിഹിതം.

ഈ ലാഭ വിഹിതം 12 മാസത്തേക്ക് വീതിച്ച് ഓരോ മാസവും പെന്‍ഷനായി നല്‍കും. പദ്ധതിയില്‍ ഒരിക്കല്‍ തുക നിക്ഷേപിച്ചാല്‍ പിന്നീട് തിരിച്ചെടുക്കാനോ വായ്പയെടുക്കാനോ കഴിയില്ല. നിക്ഷേപകന്റെ മരണശേഷം ഭാര്യക്കും ഡിവിഡന്റ് തുക ലഭിക്കും. ഭാര്യയുടെ മരണശേഷം നിക്ഷേപകന്റെ നോമിനിക്ക് തുക പിന്‍വലിക്കാം. നിശ്ചിത ശതമാനം തുക അധികം ചേര്‍ത്തായിരിക്കും തിരികെ നല്‍കുക. പ്രവാസിയായവര്‍ക്കും പ്രവാസം അവസാനിപ്പിച്ചവര്‍ക്കും ചേരാം. മറുനാടന്‍ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് കുഞ്ഞിമുഹമ്മദ് പറഞ്ഞു.

നിക്ഷേപം സ്വീകരിക്കുന്നതിനും കിഫ്ബിക്കു കൈമാറ്റം ചെയ്യുന്നതിനും 1955 ലെ ദ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം ബോര്‍ഡ് സൊസൈറ്റിക്ക് രൂപം നല്‍കും. പദ്ധതി നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ വിഹിതം ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതിയായി ഉള്‍പ്പെടുത്തും.

Exit mobile version