അബുദാബി: ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യദേവതയുടെ കടാക്ഷം മലയാളികള്‍ക്ക് തന്നെ. ആലപ്പുഴക്കാരനായ മോഹന്‍ കുമാര്‍ ചന്ദ്രദാസിനും ചങ്ങാതിമാര്‍ക്കുമായി ലഭിച്ചത് 19 കോടി രൂപയാണ്. 050897 എന്ന നമ്പറിലൂടെയാണ് 10 ദശലക്ഷം ദിര്‍ഹം (19 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി മോഹന്‍ കുമാറിനും സുഹൃത്തുക്കളും അടങ്ങുന്ന എട്ടംഗ സംഘത്തിന് ലഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്.
സൗദിയിലെ നജ്റാനില്‍ സമായ അല്‍ അദ കമ്പനിയിലെ സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയാണ് മോഹന്‍ കുമാര്‍. ഇതേകമ്പനിയിലെ വിവിധ സൈറ്റുകളില്‍ ജോലി ചെയ്യുന്ന പിവി അരുണ്‍ ദാസ് (പാലക്കാട്), സൂരജ് ആര്യാട് (ആലപ്പുഴ), ശ്യാം സുന്ദര്‍ (കൊച്ചി), വിനീഷ് ബാലന്, ഭാസ്കരന് റബീഷ് (മലപ്പുറം) ജിത്തു ബേബി (നെടുമ്പാശ്ശേരി), ശശിധരന് ലഞ്ജിത് (ആര്‍പ്പൂക്കര) എന്നിവരാണ് മറ്റു ഭാഗ്യശാലികള്‍.
സുഹൃത്തുക്കള്‍ ഓരോരുത്തരും തുല്യമായി 66.25 റിയാല്‍ വീതമെടുത്ത് (മൊത്തം 530 റിയാല്‍) ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സൗദിയിലെ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന മോഹന്‍ കുമാര്‍ സമായ അല്‍ അദയില്‍ ജോലിക്ക് ചേര്‍ന്നിട്ട് ഒന്നര വര്‍ഷമായി. സുഹൃത്തുക്കളുമായി ഷോപ്പിംഗ് നടത്തുമ്പോഴാണ് താന്‍ കോടീശ്വരനായ വിവരം അറിയിച്ചുകൊണ്ടുള്ള അപ്രതീക്ഷിത ഫോണ്‍ കോള്‍ മോഹന്‍ കുമാറിന് ലഭിച്ചത്. സമ്മാന വിവരമറിയിച്ചപ്പോള്‍ എല്ലാവരെയും പോലെ അത് വിശ്വസിക്കാന്‍ മോഹനും തയ്യാറായില്ല. ്അമ്പരപ്പ് ഒന്നു മാറിയ ശേഷം അദ്ദേഹം നന്ദിയും അറിയിച്ചു.
ഇതിന് മുമ്പും ഞങ്ങള്‍ ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. അന്നൊക്കെ നിരാശയായിരുന്നു ഫലം. ഈ സമ്മാനത്തിലൂടെ രക്ഷപ്പെടുന്നത് എട്ട് കുടുംബങ്ങളാണ്’ മോഹന്‍ കുമാര്‍ പറയുന്നു. സമ്മാനത്തുക തുല്യമായി വീതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പിളിയാണ് മോഹന്‍ കുമാറിന്റെ ഭാര്യ. ആര്‍ദ്രവ് കൃഷ്ണയാണ് മകന്.
Discussion about this post