കുവൈറ്റ്: കൊറോണ വൈറസ് ആഗോള തലത്തിൽ തന്നെ ആശങ്ക ഉണർത്തുന്നതിനിടെ കുവൈറ്റും ഇതിൽ നിന്നും മുക്തമല്ല. നിലവിൽ 45 പേർക്കാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. രോഗം വ്യാപിക്കുമോയെന്ന ഭയം കുവൈറ്റിനേയും പിടികൂടിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കുവൈറ്റിൽ മുഴുവൻ കത്തോലിക്കാ പള്ളികളും അടച്ചിടാൻ തീരുമാനിച്ചു. നാളെ മുതൽ രണ്ട് ആഴ്ച്ചത്തേക്ക് പള്ളികൾ അടച്ചിടുമെന്ന് വികാരി ജനറൽ അറിയിച്ചു.
പള്ളികളിൽ വിശുദ്ധ കുർബ്ബാന, പ്രാർത്ഥനാ കൂട്ടായ്മകൾ, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ല. മാർച്ച് പതിനാലിന് ശേഷം ദേവാലയങ്ങൾ തുറക്കുന്ന കാര്യം ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ഒന്നിച്ചു കൂടുന്നത് വൈറസ് പടരുന്നതിന് കാരണമാകുമെന്നതിനാലാണ് തീരുമാനം.
ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശക വിസ നൽകുന്ന നടപടികൾ സൗദി അറേബ്യ നിർത്തിവെച്ചു. കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശക വിസ അനുവദിക്കില്ലെന്നാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വിസ നൽകുന്നത് നിർത്തിവെച്ച ഏഴ് രാജ്യങ്ങളിലെ പൗരന്മാർ ഇതിനോടകം നേടിയ ടൂറിസ്റ്റം വിസകൾ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു.
Discussion about this post