ദുബായ്: ദുബായ് ടീകോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡ് ആന്റ് എം ഇന്റർനാഷണലിന് സിലികൺ ഇന്ത്യ മിഡിൽ ഈസ്റ്റ് മാഗസിൻ ഏർപ്പെടുത്തിയ ‘കമ്പനി ഓഫ് ദി ഇയർ’ പുരസ്‌കാരം. മീഡിയ അഡ്വർടൈസിങ്, ഇവന്റ്സ്, പിആർ രംഗങ്ങളിലെ പ്രമുഖ കമ്പനിയും നിരവധി തദ്ദേശ-രാജ്യാന്തര മീഡിയ ഹൗസുകളുമായി ശക്തമായ ബന്ധങ്ങളുമുള്ള കമ്പനിയാണ് ആഡ് ആന്റ് എം ഇന്റർനാഷണൽ.
പബ്ലിക് റിലേഷൻസ് മേഖലയിലെ സംഭാവനകൾക്കുള്ള ആദരമാണിത്. മികച്ച പ്രവർത്തനമാണ് ആഡ് ആന്റ് എം കാഴ്ച വെക്കുന്നതെന്നും ഗവേഷണോന്മുഖ പദ്ധതികളും ക്യാംപയിനുകളും തന്ത്രപ്രധാനമായ പിആർ ഇൻപുട്ടുകളും മുഖേന ബിസിനസ് ലക്ഷ്യം നേടിയെടുക്കാൻ ആഡ് ആന്റ് എമ്മിന് സാധിക്കുന്നുവെന്ന് പുരസ്‌കാരം സമ്മാനിച്ച മാഗസിൻ അഭിപ്രായപ്പെട്ടു.
ഈ രംഗത്തെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളിൽ ആദ്യ സ്ഥാനത്തായാണ് മാസികയുടെ 2019ലെ പട്ടികയിൽ ആഡ് ആൻഡ് എം സ്ഥാനം പിടിച്ചത്. മികച്ച പിആർ ഏജൻസി എന്ന നിലയിലാണ് അംഗീകാരം.
ആഡ് ആന്റ് എമ്മിനെ ഈ ബഹുമതിക്കായി തെരഞ്ഞെടുത്ത ജൂറിയോട് അങ്ങേയറ്റത്തെ കടപ്പാടുണ്ടെന്ന് അവാർഡ് സ്വീകരിച്ചു കൊണ്ട് മാനേജിങ് ഡയറക്ടർ റഷീദ് മട്ടന്നൂർ പ്രതികരിച്ചു. ക്രിയാത്മകതക്കും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് കരുതുന്നു. ക്രിയേറ്റീവ് ഏജൻസി എന്ന നിലയിൽ 2011ൽ ദുബായിൽ ആരംഭിച്ച സ്ഥാപനം പന്നീട് മീഡിയ ബയിംഗിലേക്കും പിആർ രംഗത്തേക്കും ഇവന്റ് മാനേജ്മെന്റ് രംഗത്തേക്കും ഒരുപോലെ മുന്നേറുകയായിരുന്നു.
ഇക്കാലത്തിനിടയ്ക്ക് പ്രാദേശികവും രാജ്യാന്തരവുമായ ഒട്ടേറെ ബ്രാൻഡുകളുടെയും ഗവൺമെന്റ് സ്ഥാപനങ്ങളുടെയും പിആർ പരസ്യ ക്യാംപെയിനുകളും ഇവന്റുകളും വിജയകരമായി ഏറ്റെടുത്ത് പൂർത്തിയാക്കി മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഏജൻസികളിലൊന്നായി ആഡ് ആൻഡ് എം മാറിയിരിക്കുന്നു. മിഡിൽ ഈസ്റ്റിൽ എല്ലായിടത്തും ഇന്ത്യയ്ക്ക് അകത്തും വിപുലമായ നെറ്റ്വർക്ക് കമ്പനിക്കുണ്ട്. ഡിജിറ്റൽ അഡ്വർടൈസിംഗ് രംഗത്തേക്കും കമ്പനി പ്രവേശിച്ചിട്ടുണ്ട്.