ഒമാനിൽ സ്വദേശിവത്കരണം കർശ്ശനമാക്കാൻ ശുപാർശ; കൂടുതൽ തൊഴിൽ തസ്തികകളിലേക്ക് വ്യാപിപ്പിക്കും; പ്രവാസികൾക്ക് തിരിച്ചടി

മസ്‌ക്കറ്റ്: വീണ്ടും പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു. കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ഒമാൻ ശൂറാ കൗൺസിലാണ് ശുപാർശ ചെയ്തു. അംഗീകാരത്തിനായി വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും ശൂറാ കൗൺസിൽ വ്യക്തമാക്കി. ശുപാർശ നടപ്പാക്കുന്നതോടെ മലയാളികളടക്കം നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും.

ലാബ് ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പി ടെക്‌നീഷ്യൻ, നഴ്‌സിങ് ജോലികൾ, ഫാർമസി ജോലികൾ, എക്‌സ്‌റേ ടെക്‌നീഷ്യൻ, സൂപ്പർവൈസർ, ഹെൽത്ത് ഒബ്‌സർവർ തുടങ്ങിയ തസ്തികളിൽ സ്വദേശികളെ നിയമിക്കണമെന്നാണ് ശൂറാ കൗൺസിലിന്റെ നിർദേശം. രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും വിദേശികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികൾക്കു കൂടുതൽ അവസരങ്ങൾ നൽകുവാനാണ് ശൂറാ ലക്ഷ്യമിടുന്നത്.

ധാരാളം സ്വദേശികൾ തൊഴിൽരഹിതരായി രാജ്യത്തുണ്ടെന്നാണ് കൗൺസിലിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ. ഇതിനു പുറമെ രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ നിന്നും വിദേശി അധ്യാപകരെ ഒഴിവാക്കുവാനും മന്ത്രാലയം നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ സ്വദേശിവത്കരണം ഈ വർഷം 44.1 ശതമാനം പാലിക്കണമെന്നാണ് സർക്കാർ തീരുമാനം.

Exit mobile version