റിയാദ്: തന്റെ കുഞ്ഞുങ്ങളെല്ലാം പെൺകുട്ടികളായതടോടെ ആൺകുഞ്ഞിനെ വളർത്താൻ മോഹിച്ച സൗദിയിലെ വനിത മോഷ്ടിച്ചത് മൂന്ന് ആൺകുട്ടികളെ. ഒടുവിൽ 27 വർഷത്തിനു ശേഷം പോലീസ് തെളിവുസഹിതം ഇവരെ പിടികൂടുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ മോഷ്ടിച്ച ഇവർ പിടിക്കപ്പെടാതായപ്പോൾ ഇവർ മൂന്ന് വർഷത്തിനിടെ മറ്റ് രണ്ട് കുഞ്ഞുങ്ങളെ കൂടി മോഷ്ടിക്കുകയായിരുന്നു.
ദമ്മാമിലെ ഒരു ആശുപത്രിയിൽനിന്നാണ് നഴ്‌സായി ആൾമാറാട്ടം നടത്തി ഇവർ മൂന്ന് നവജാത ശിശുക്കളെ മോഷ്ടിച്ചത്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി വളർത്തിയ മറിയം എന്ന സൗദി വനിതയാണ് ആദ്യമോഷണം നടത്തി 27 വർഷത്തിനുശേഷം പിടിയിലായത്.
കുട്ടികൾ വലുതായി യുവാക്കളായപ്പോൾ ദേശീയ തിരിച്ചറിയൽ കാർഡ് നേടാൻ നടത്തിയ ശ്രമമാണ് വീട്ടമ്മയെ പോലീസിന്റെ കൈകളിലെത്തിച്ചത്. ഹോളിവുഡ് സിനിമയെ വെല്ലുന്ന ഈ മോഷണകഥ ഇപ്പോൾ രാജ്യത്ത് വൻ വാർത്തയാണ്. ഇതിലൊരു യുവാവിനെ, ഡിഎൻഎ പരിശോധനയിലൂടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തി കൈമാറാൻ പോലീസിന് കഴിഞ്ഞതോടെ സംഭവം സംബന്ധിച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
മൂന്ന് ആൺമക്കളിൽ രണ്ടുപേരുടെ ദേശീയ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ പോലീസ് സ്‌റ്റേഷനിലെത്തിയ മറിയം ജനന രേഖകൾ ഒന്നും ഇല്ലാത്തതിനാലാണ് പിടിയിലായത്. പോലീസിന്റെ ചോദ്യംചെയ്യലിൽ ഇവർ പതറി. ഒടുവിൽ, 20 വർഷം മുമ്പ് ഈ കുട്ടികളെ തനിക്ക് കളഞ്ഞുകിട്ടിയതാണെന്ന് അവർ വിശദീകരിച്ചു. സംശയം തോന്നി പോലീസ് മേഖലയിൽനിന്ന് കാണാതായ കുഞ്ഞുങ്ങളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് സംശയം ബലപ്പെട്ടത്.
ഒപ്പം അപേക്ഷ നൽകിയ രണ്ട് യുവാക്കളുടെയും ഡിഎൻഎ പരിശോധനയും നടത്തി. ഇതോടെ മൂന്ന് ആൺകുഞ്ഞുങ്ങളെ ദമ്മാമിലെ ആശുപത്രിയിൽനിന്ന് മോഷ്ടിച്ചതാണെന്ന് മറിയം ചോദ്യം ചെയ്യലിൽ സമ്മതിച്ചു
ആദ്യത്തെ കുഞ്ഞിനെ 1993ലാണ് മോഷ്ടിച്ചത്. രണ്ടാമത്തേത് 1996ലും മൂന്നാമത്തേത് 1999ലും. അവസാന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആശുപത്രിയിൽനിന്ന് പോലീസ് ശേഖരിച്ചു. കുഞ്ഞിനെ മറിയം എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
അതേസമയം, ഡിഎൻഎ പരിശോധനയിൽ ആദ്യത്തെ കുട്ടിക്ക് സ്വന്തം മാതാപിതാക്കളെ ഇപ്പോൾ തിരിച്ചുകിട്ടുകയും ചെയ്തു. 27 വയസ്സുള്ള നായിഫിനാണ് തന്റെ യഥാർത്ഥ മാതാപിതാക്കളുടെ അടുത്തെത്താൻ കഴിഞ്ഞത്. പാട്ടുപാടി ആഹ്ലാദ നൃത്തം ചവിട്ടിയാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും നായിഫിനെ വരവേറ്റത്. ബാക്കി രണ്ട് യുവാക്കളുടെയും മാതാപിതാക്കളെയും കുടുംബ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post