പൊന്നാനി: മലപ്പുറത്തെ സാധാരണക്കാരനായ ഒരു പ്രവാസിയുടെ അസാധാരണമായ ഒരു ജീവിതകഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമ തോൽക്കുന്ന ജീവിതമാണ് മലപ്പുറം ജില്ലയിലെ പത്താംക്ലാസ് തോറ്റ അലിയുടെത്. ഒരിക്കൽ തോറ്റ് പോയെങ്കിലും പിന്നീട് തോൽക്കില്ലെന്ന വാശിയിൽ കഠിനാധ്വാനത്തിലൂടെ ആരും കൊതിക്കുന്ന ഉയർന്ന ജോലിയിലേക്ക് ഉയർത്തപ്പെട്ട വിസ്മയ ജീവിതമാണ് പൊന്നാനിക്കടുത്ത് മാറഞ്ചേരി മുക്കാല സ്വദേശിയായ എടി അലിയുടേത്.
പത്താംക്ലാസ് തോറ്റൊരു മനുഷ്യൻ.ജീവിതത്തെ തോൽക്കാൻ വിടാതെ സ്വപ്നങ്ങളോട് ചേർത്തുപിടിച്ചപ്പോൾ നടന്നുകയറിയത് അബൂദാബിയിലെ ഏറ്റവും വലിയ ബാങ്കിലെ ഏറ്റവും ഉയർന്ന തസ്തികയിൽ. അലി യുഎഇയിലെ ഏറ്റവും മികച്ച ബാങ്കുകളിലൊന്നായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ മർച്ചന്റ് അക്വയറിങ് കൊമേഴ്സ് ആന്റ് സെയിൽസ് മാനേജർ പദവിയിലെത്തിയത് കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ടുമാത്രമാണ്.
41 വർഷത്തെ പ്രവാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ജോലിയിൽനിന്ന് വിരമിച്ച് അദ്ദേഹം നാട്ടിലെത്തിയത്. വന്നേരി ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു എടി അലി. പഠിക്കാൻ അത്ര മിടുക്കനൊന്നുമായിരുന്നില്ല. എന്നാൽ, ഉയരങ്ങൾ കീഴടക്കാനുള്ള ആഗ്രഹം ഉള്ളിൽ കത്തിനിന്നു. വലിയ വലിയ സ്വപ്നങ്ങൾ കണ്ടു. അങ്ങനെയാണ് പത്താം ക്ലാസിൽ പഠനം നിർത്തിയ അലി 1977-ൽ ജോലിക്കായി ബോംബെയിലേക്ക് വണ്ടി കയറിയത്.
ടൈപ്പ് റൈറ്റിങ്ങും ടൈലറിങ്ങും പഠിക്കാൻ തുനിഞ്ഞെങ്കിലും തന്റെ വഴി അതല്ലെന്ന് ഏറെ വൈകാതെ തിരിച്ചറിഞ്ഞു. 19-ാമത്തെ വയസിലാണ് ഗ്രൂപ്പ് വിസയിൽ ഗൾഫിലെത്തുന്നത്. ഷാർജയിലേക്കാണ് വിമാനം കയറിയത്. അവിടെനിന്ന് അബുദാബിയിലേക്ക്. ആറുമാസം തൊഴിൽരഹിതൻ. ഇതിനിടെ, ഫുട്പാത്തിൽ തുണിക്കച്ചവടം. ജീവിതത്തിൽ ഏറെ കഷ്ടപ്പെട്ടു.
പിന്നീട് കുടുംബസുഹൃത്ത് വഴി മദീന സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി. അതൊരു വലിയ ആശ്വാസമാണ് നൽകിയത്. രാവിലെ 10 മുതൽ രാത്രി 12 വരെ ജോലി. രാവിലെ എട്ടുമുതൽ 10 വരെ പാർട് ടൈമായി ക്ലീനിങ് ജോലി. ജീവിതത്തെ അങ്ങനെ തോറ്റുകൊടുക്കാൻ വിടാനൊന്നും അലി തയ്യാറായില്ല. മാസം കിട്ടുന്ന 2000 രൂപ ആയിരംവീതം രണ്ടുതവണയായാണ് നാട്ടിലേക്കയച്ചിരുന്നത്. ‘പണം കൂടുതൽ തവണ കൈപ്പറ്റുമ്പോൾ ബാപ്പക്കുണ്ടാകുന്ന സന്തോഷമായിരുന്നു അതിനുപിന്നിൽ.’ സൂപ്പർ മാർക്കറ്റിലെ ജോലി നഷ്ടപ്പെടുമെന്നായതോടെ ഇലക്ട്രിക്കൽ ഷോപ്പിൽ ആറുമാസം ജോലിചെയ്തു. അവിടെനിന്ന് അബുദാബി നാഷണൽ പെട്രോളിയം കമ്പനിയിൽ മെസഞ്ചറായി ജോലിയിൽ കയറി.
സാമ്പത്തികമാന്ദ്യത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തി പ്ലൈ മിക്ക ഗ്ലാസ് ഹൗസ് എന്ന സ്ഥാപനം തുടങ്ങിയെങ്കിലും വീണ്ടും ഗൾഫിലേക്കുതന്നെ മടങ്ങി. 1985ൽ വീണ്ടും യുഎഇയിലെത്തി. സ്കൂളിൽ ക്ലീനിങ് ജോലിയാണ് കിട്ടിയത്. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിൽ സ്കൂളിന്റെ പ്രിയങ്കരനായി. ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥയും സമർപ്പണവും വിജയം കൊണ്ടുവരുമെന്ന് അലി സാക്ഷി.
ജോലിയിലെ മികവിനെ തുടർന്ന് ഓഫീസ് അസിസ്റ്റന്റായി.മോട്ടോർ സൈക്കിളും ലൈസൻസും കിട്ടിയതോടെ കൊറിയർ സർവീസിൽ പാർട് ടൈം ജോലി കിട്ടി. ഈ സമയത്താണ് അലിയുടെ ബാങ്ക് ജോലിയിലേക്കുള്ള പ്രവേശനം. ഇത് ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷമായി.
ബാങ്കിലെ ജോലിക്കാരനും സുഹൃത്തുമായ എകെ അഷ്റഫാണ് വഴിയൊരുക്കിയത്. അബുദാബി കൊമേഴ്സ്യൽ ബാങ്കിൽനിന്ന് വിളിയെത്തി. 1994ൽ നാഷണൽ ബാങ്ക് ഓഫ് അബുദാബിയിൽ ഓഫീസ് ബോയ് കം മെസഞ്ചറായി. ജോലിയിലുള്ള കഴിവ് മനസ്സിലാക്കിയ മാനേജർ അലിയെ സ്ഥിരപ്പെടുത്തണമെന്ന് ഹെഡ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.
വേണ്ടത്ര വിദ്യാഭ്യാസമില്ലെന്നതിനാൽ ആദ്യം നിരസിച്ചെങ്കിലും അലിയുടെ പ്രായോഗിക യോഗ്യത മാനേജ്മെന്റിന് കാണാതിരിക്കാനായില്ല. 2008ൽ ക്ലർക്കായി ജോലിക്കയറ്റം കിട്ടി. വിജയങ്ങളുടെ തുടർയാത്രക്കായി 49-ാം വയസിൽ കംപ്യൂട്ടർ കോഴ്സിന് ചേർന്നു. സ്പോക്കൺ ഇംഗ്ലീഷിലൂടെ ഭാഷയും കരസ്ഥമാക്കി. ഓഫീസറായി പ്രൊമോഷൻ കിട്ടാൻ ബാങ്ക് ടെസ്റ്റ് പാസാവണമെന്ന നിബന്ധന തടസ്സമായി. എന്നാൽ, കഠിനാധ്വാനത്താൽ ടെസ്റ്റ് പാസായി. ഇതോടെ മർച്ചന്റ് അക്വയറിങ് ഓഫീസറായി സ്ഥാനക്കയറ്റം. പടിപടിയായുള്ള വളർച്ചയുടെ കാലമായിരുന്നു പിന്നീട്. രണ്ടരവർഷത്തെ മികച്ച സേവനത്തിനുശേഷമാണ് അലി നാട്ടിലെത്തിയത്.
അലിയുടെ ജീവിതം മനസ്സിലാക്കിയ പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി തന്റെ ഓഫീസിൽ വിളിച്ച് യാത്രയയപ്പ് നൽകിയിരുന്നു. ഇത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്ന് അലി പറയുന്നു.
ഷാഹിദയാണ് അലിയുടെ ഭാര്യ. തന്റെ നേട്ടത്തിനുപിന്നിൽ ഭാര്യയുമുണ്ടെന്ന് അദ്ദേഹം പറയുന്നു. മകൻ ആഷിഖ് ഇതേ ബാങ്കിലെ സെയിൽസ് ഓഫീസറാണ്. വാനിയയും കമീലിയുമാണ് മറ്റ് മക്കൾ. ബാങ്ക് മാനേജരോടുള്ള ആത്മബന്ധംമൂലം അദ്ദേഹത്തിന്റെ മകളുടെ പേരായ വാനിയ എന്ന പേര് അലി തന്റെ മകൾക്കായി തെരഞ്ഞെടുക്കുകയായിരുന്നു.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ
Discussion about this post