റിയാദ്: സൗദിയില്‍ ശൈത്യം വിടവാങ്ങുന്നു. തണുപ്പിന്റെ ശക്തി കുറയുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും മഴയും തുടങ്ങുന്നു. ശനിയാഴ്ചക്കും തിങ്കളാഴ്ചക്കും ഇടയില്‍ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് സൗദി കാലാവസ്ഥാ പരിസ്ഥിതി വിഭാഗം അറിയിച്ചു.
ശനിയാഴ്ചയോടെ പല പ്രവിശ്യകളിലും ഇടിയോട് കൂടി മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ്, മക്ക, മദീന, അല്‍ ഖസീം, അല്‍ ജൌഫ്, തബൂക്ക്, വടക്കന്‍ പ്രവിശ്യകളിലാണ് മഴയെത്തുക. സമീപകാല വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ തണുപ്പായിരുന്നു ഇത്തവണ സൗദിയിലേത്.
കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്ന പല സ്ഥലങ്ങളിലും ഇന്നു മുതല്‍ താപ നില ഉയരും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടുന്നനെ താപനില മൈനസ് അഞ്ച് ഡിഗ്രി വരെ താഴ്ന്നിരുന്നു. ഇന്നലെ മുതല്‍ ഇതില്‍ കുറവ് വന്നിട്ടുണ്ട്.
ഇന്നു മുതല്‍ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും തണുപ്പ് ശമിക്കുന്നതിന്റെ ഭാഗമായി ഇടിയോട് കൂടി മഴയും എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞയാഴ്ച തലസ്ഥാനമായ റിയാദില്‍ പന്ത്രണ്ട് ഡിഗ്രിയില്‍ നിന്നും ഒറ്റയടിക്ക് താപനില രണ്ട് ഡിഗ്രിയിലേക്ക് എത്തിയിരുന്നു.
Discussion about this post