കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നഴ്സുമാര്‍ക്കും വിദേശി വിദ്യാര്‍ത്ഥികള്‍ക്കും ഇനി പുതിയതായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്ക്. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗാണ് നഴ്സുമാര്‍ വിദേശി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കരുതെന്നു ഉത്തരവിട്ടത്. ഇതിനോടകം ലൈസന്‍സോ, ലേണേഴ്സ് ലൈസന്‍സോ ലഭിച്ചവര്‍ക്ക് തീരുമാനം ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒപ്പം, ഈ വിഭാഗത്തിലുള്ളവര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനും തടസമുണ്ടാകില്ല.
600 ദിനാര്‍ ശമ്പളം, സര്‍വകലാശാലാ ബിരുദം, രണ്ടു വര്‍ഷം കുവൈത്തില്‍ താമസം എന്നിവയാണ് വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ഉപാധികള്‍. ചില പ്രഫഷനുകളിലുള്ളവര്‍ക്കും വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈവര്‍ വിസയില്‍ എത്തുന്നവര്‍ക്കും ഉപാധികള്‍ ബാധകമല്ല. ഉപാധികള്‍ ബാധകമല്ലാത്ത വിഭാഗത്തില്‍നിന്നാണ് ഇപ്പോള്‍ നഴ്സുമാരെയും വിദേശി വിദ്യാര്‍ത്ഥികളെയും ഒഴിവാക്കിയത്.
Discussion about this post